മഹിജയുടെ നിരാഹാര സമരം; സർക്കാർ പ്രതികൂട്ടിൽ ആകുമോ? കോടതി ഇടപെട്ടു

വ്യാഴം, 27 ഏപ്രില്‍ 2017 (08:50 IST)
പാമ്പാടി നെഹ്റു കോളേജ് വിദ്യാർത്ഥി ആയിരുന്ന ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജ നടത്തിയ നിരാഹാര സമരവുമായി ബന്ധപ്പെട്ട് സർക്കാരിന് കോടതിയുടെ വിമർശനം. ജിഷ്ണുവിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ നടത്തിയ സമരത്തിനിടയിൽ പൊലീസ് നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് വിമര്‍ശനമുയര്‍ന്നപ്പോള്‍ കേരള സര്‍ക്കാര്‍ നല്‍കിയ പരസ്യത്തിന്റെ താല്‍പര്യം എന്തായിരുന്നുവെന്ന് വ്യക്തമാക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
 
പ്രത്യേക വിജിലന്‍സ് കോടതിയാണ് പരസ്യം നല്‍കിയതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. പൊതുജന സമ്പര്‍ക്ക വകുപ്പിനോടാണ് കോടതി പരസ്യം നല്‍കിയതിന്റെ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്. സര്‍ക്കാര്‍ പരസ്യങ്ങള്‍ പി ആര്‍ ഡി വഴി നല്‍കുന്നതിന്റെ അടിസ്ഥാനമെന്ത്, പരസ്യങ്ങളില്‍ സര്‍ക്കാരിന്റെ താത്പര്യം എന്തായിരുന്നു എന്നീ കാര്യങ്ങല് വ്യക്തമാക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കു‌ന്നത്. 
 
ഒരു കോടി രൂപയിലേറെ ചെലവിട്ടാണ് പരസ്യം നല്‍കിയതെന്നും സര്‍ക്കാര്‍ ഈ പരസ്യം നല്‍കിയതിന്റെ സാംഗത്യം ചോദ്യം ചെയ്ത് കോടതില്‍ വന്ന ഹര്‍ജിയിലായിരുന്നു കോടതിയുടെ ഇടപെടല്‍.

വെബ്ദുനിയ വായിക്കുക