കൊറോണ; സംസ്ഥാനത്ത് ഏഴുവരെയുള്ള ക്ലാസുകൾക്ക് അവധി, പരീക്ഷ ഉപേക്ഷിച്ചേക്കും

ചിപ്പി പീലിപ്പോസ്

ചൊവ്വ, 10 മാര്‍ച്ച് 2020 (12:08 IST)
കൊറോണയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ സ്കൂളുകൾക്ക് ഏഴാം ക്ലാസ് വരെ അവധി നൽകാൻ മന്ത്രിസഭാ തീരുമാനം. അങ്കണവാടികൾക്കും ബാധകമാണ് ഈ തീരുമാനം. എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. 
 
എസ് എസ് എൽ സി, ഹയർ സെക്കൻഡറി പരീക്ഷകൾ അതീവ ജാഗ്രതയോട് കൂടി നടത്തപ്പെടും. പതിമൂന്നര ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പൊതുപരീക്ഷ എഴുതുന്നത്. സംസ്ഥാനത്ത് കൊറോണവൈറസ് ബാധ കണ്ടെത്തിയ പശ്ചാത്തലത്തിൽ കനത്ത ജാഗ്രതയിലാണ് പരീക്ഷകൾ നടത്തുന്നത്. കൊവിഡ് 19നെ തുടർന്ന് നിരീക്ഷണത്തിലുള്ള വിദ്യാർത്ഥികൾക്ക് പിന്നീട് സേ പരീക്ഷകൾ നടത്തും.
 
സംസ്ഥാനത്ത് ആദ്യമായാണ് എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വിഎച്ച്എസ്ഇ പരീക്ഷകൾ ഒന്നിച്ച് നടത്തുന്നത്. കോവിഡ് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിൽ കനത്ത ജാഗ്രതയുണ്ട്. 
 
അതേസമയം, പത്തനം‌തിട്ടയിൽ അഞ്ച് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട രണ്ട് കുട്ടികളെ പ്രത്യേക മുറിയിൽ ഇരുത്തിയാണ് പരീക്ഷ എഴുതിക്കുന്നത്. പരീക്ഷയെഴുതുന്നതിനായി പ്രത്യേക മുറിയും നിരീക്ഷണവും ഏർപ്പെടുത്താനാണ് തീരുമാനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍