സംസ്ഥാന കോണ്‍ഗ്രസിലെ അടി തീര്‍ക്കാന്‍ നേതാക്കള്‍ ഡല്‍ഹിയില്‍; ഹൈക്കമാന്‍ഡില്‍ നിന്നും കടുത്ത നിര്‍ദേശങ്ങള്‍ ലഭിച്ചേക്കും

ശനി, 11 ജൂണ്‍ 2016 (08:25 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ വമ്പന്‍ തോല്‍‌വി ഏറ്റവാങ്ങിയതിന് പിന്നാലെ നേതാക്കള്‍ പരസ്‌പരം ചെളി വാരിയെറിയാനും തുടങ്ങിയതോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവുമായി ഹൈക്കമാൻഡ്  ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് സംസ്ഥാന നേതാക്കളെ ഡല്‍ഹിക്ക് വിളിപ്പിച്ചിരിക്കുന്നത്. വൈകിട്ട് നാലുമണിക്കാണ് ചര്‍ച്ച നടക്കുക.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ വിഎം സുധീരൻ, ഉമ്മൻ ചാണ്ടി എന്നിവരയാണ് ചര്‍ച്ചയ്‌ക്ക് വിളിച്ചിരിക്കുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയും ചര്‍ച്ചയില്‍ പങ്കെടുക്കും. കോണ്‍ഗ്ര അധ്യക്ഷ സോണിയ ഗാന്ധി ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

കേരളത്തിലെ പാര്‍ട്ടിയില്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ വേണമെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശൂന്യത നിലനില്‍ക്കുന്നുവെന്നും കെപിസിസി അധ്യക്ഷന്‍ സുധീരന്‍ സ്വന്തമായി ഗ്രൂപ്പ് ഉണ്ടാക്കിയെന്നുമാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണു റിപ്പോര്‍ട്ടുകള്‍. ഇതിനെത്തുടര്‍ന്നാണ് കേരളാ നേതാക്കളെ ഡല്‍ഹിക്ക് വിളിക്കാന്‍ രാഹുല്‍ തീരുമാനിച്ചത്.

സുധീരനെ ലക്ഷ്യമാക്കിയാണ് എ, ഐ ഗ്രൂപ്പുകള്‍ നീങ്ങുന്നത്. തോല്‍‌വിയുടെ സകല ഉത്തരവാദിത്വവും അദ്ദേഹത്തിനുമേല്‍ ചാരാനാണ് ഗ്രൂപ്പുകള്‍ തീരുമാനിച്ചിരിക്കുന്നത്. ഈ നീക്കങ്ങള്‍ക്കെല്ലാം പിന്നില്‍ നിന്നു ചരട് വലിക്കുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തയും ഉമ്മന്‍ ചാണ്ടിയുമാണ്.

വെബ്ദുനിയ വായിക്കുക