മാണി പുലിയാകുമ്പോള്‍ എലിയാകുന്നതാര് ?; ബിജെപിയുടെ സ്വപ്‌നങ്ങളും കോണ്‍ഗ്രസിന്റെ പ്രതീക്ഷകളും ചരല്‍ക്കുന്നില്‍ അവസാനിക്കുമോ ?

ജിയാന്‍ ഗോണ്‍‌സാലോസ്

തിങ്കള്‍, 1 ഓഗസ്റ്റ് 2016 (15:28 IST)
പതിവില്ലാത്ത രീതിയില്‍ പെരുമാറുകയാണ് കെഎം മാണി, യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതിരിക്കുക, കോണ്‍ഗ്രസിലെ പ്രബലനായ രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുക, കേരളാ കോണ്‍ഗ്രസിന്റെ  (എം) ചരല്‍ക്കുന്ന് യോഗത്തില്‍ പുതിയ നിലാപാടുകള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ ശേഷം ധ്യാനത്തിന് പോകുക എന്നീ ‘കലാപരിപാടി’കളാണ് മാണി ഇപ്പോള്‍ അവതരിപ്പിക്കുന്നത്.

കോണ്‍ഗ്രസിന്റെ നെഞ്ചില്‍ ചവിട്ടി നിന്ന് തെയ്യം കളിക്കുകയാണ് മാണി. അടുപ്പക്കാരനായ പികെ കുഞ്ഞാലിക്കുട്ടിയോട് പോലും മിണ്ടാതെ ആരെയും കൂസാതെ ധ്യാനത്തിനു പോകുന്ന മുന്‍ ധനമന്ത്രി ഇത്തവണ എല്ലാം തീരുമാനിച്ച് ഉറപ്പിച്ച മട്ടാണ്. ബാര്‍ കോഴ കേസിന് പിന്നില്‍ കളിച്ചത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് കേരളാ കോണ്‍ഗ്രസ് പറയാതെ പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെ ആശീര്‍വാദത്തോടെ ചെന്നിത്തലയെ ഏകപക്ഷീയമായ തീരുമാനമെടുത്ത് ഉമ്മന്‍ചാണ്ടി പ്രതിപക്ഷവാക്കിയെന്ന ആക്ഷേപവും എതിര്‍പ്പും മാണിക്കുണ്ട്.

മാണിക്ക് മുന്നില്‍ ഇപ്പോള്‍ രണ്ട് വഴികളാണുള്ളത്. യുഡിഎഫ് വിട്ട് ബിജെപിയിലോ എല്‍ഡിഎഫിലേ ചേക്കേറുക. അല്ലെങ്കില്‍ യുഡിഎഫില്‍ ഒരു വിഭാഗമായി നില്‍ക്കുക, നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി മാറി സര്‍ക്കാരിനോടും പ്രതിപക്ഷത്തോടും സമദൂരം പാലിക്കുക എന്നതും. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി സമദൂരം പാലിക്കുക എന്ന നിലപാടിനോട് പിജെ ജോസഫ് അനുകൂലിക്കുന്നത് മാണിയെ ശക്തനാക്കുന്നുണ്ട്.

ബാര്‍ കോഴ ആരോപണമടക്കമുള്ള നിരവധി കേസുകള്‍ നേരിടുന്ന സാഹചര്യത്തില്‍ എല്‍ ഡി എഫിലേക്ക് പോകുക എന്ന അസാധ്യമാണ്. കേരളാ കോണ്‍ഗ്രസിന്റെ വരവിനെ ഇടതുപാളയത്തിലെ ശക്തമായ ഒരു വിഭാഗം എതിര്‍ക്കുകയും ചെയ്യും. ഈ സാഹചര്യത്തില്‍ ബിജെപിയാണ് മറ്റൊരു മാര്‍ഗം. ഇവിടെയും നിരവധി പ്രതിസന്ധികളുണ്ട്. ജോസ് കെ മാണിക്ക് മന്ത്രി പദം അടക്കമുള്ള മോഹവാഗ്ദാനങ്ങള്‍ അമിത് ഷാ നല്‍കുന്നുണ്ടെങ്കിലും തനിക്ക് മാത്രമായി വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്ന് മാണിക്ക് വ്യക്തമായി അറിയാം.
 

ജോസ് കെ മാണിക്ക് പദവികള്‍ ലഭിച്ചാലും പിജെ ജോസഫ് അടക്കമുള്ളവരുടെ എതിര്‍പ്പ് നേരിടേണ്ടിവരും. ഇതിനാല്‍ നിലവിലുള്ള ആറ് എല്‍എല്‍എമാരുടെയും പിന്തുണ അത്യാവശ്യമാണ്. ഇതിന് സാധ്യത വളരെ കുറവുമാണ്. ബിജെപിയിലേക്ക് പോയാല്‍ പാര്‍ട്ടിയുടെ അടിത്തറ തകരുമെന്നും പരമ്പരാകമായി ലഭിക്കുന്ന വോട്ടുകള്‍ സിപിഎമ്മിലേക്ക് പോകുമെന്നുമെന്നും മാണി ഭയക്കുന്നുണ്ട്. ഇതിനാല്‍ ജോസഫിനെ കൂടെ നിര്‍ത്തി മറ്റ് നേതാക്കളെ വശത്താക്കുക എന്ന തന്ത്രമാണ് മാണി ആവിഷ്‌കരിക്കുക.

തനിക്കായി വാതിലുകള്‍ തുറന്നു കിടക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനോട് യാതൊരു അനുകമ്പയും വേണ്ട എന്നാണ് മാണിയുടെ നിലപാട്. പ്രത്യേകിച്ച് രമേശ് ചെന്നിത്തലയോട് അടുപ്പമേ വേണ്ട എന്നാണ് ഭൂരിഭാഗം പ്രവര്‍ത്തകരുടെയും ആവശ്യം. ഇതിനാലാണ് നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ മാണിയെ എങ്ങനെയും അനുനയിപ്പിച്ച് യുഡിഎഫില്‍ ഉറപ്പിച്ചു നിര്‍ത്തുക എന്ന ഏക ലക്ഷ്യമാണ് കോണ്‍ഗ്രസിനുള്ളത്.
 

കോണ്‍ഗ്രസിനെ ഭയത്തിന്റെ മുള്‍‌മുനയില്‍ നിര്‍ത്തുക എന്ന ലക്ഷ്യവും മാണിക്കുണ്ട്. ദേശീയ തലത്തില്‍ തകര്‍ച്ച നേരിടുന്ന കോണ്‍ഗ്രസിന് മാണിയുമായുള്ള ബന്ധം തകര്‍ക്കുക എന്നത് ഓര്‍ക്കാന്‍ പോകുമാകാത്ത കാര്യമാണ്. ബിജെപിയുടെ ക്ഷണത്തെ സ്‌നേഹത്തോടെ മാനിക്കുന്നുവെന്നും എന്നാല്‍ മുന്നണി വിടാന്‍ തല്‍ക്കാലം ഉദ്ദേശിക്കുന്നില്ലെന്നുമുള്ള അദ്ദേഹത്തിന്റെ മറുപടി കോണ്‍ഗ്രസിനെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ട്.

ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അടക്കമുള്ളവരെ സമ്മര്‍ദ്ദത്തിലാക്കിയും ഭയപ്പെടുത്തിയും സാഹചര്യങ്ങള്‍ അനുകൂലമാക്കാം എന്ന നിലപാടിലാണ് ഇപ്പോള്‍ മാണിയുള്ളത്. കോണ്‍ഗ്രസിന് തങ്ങളെ തള്ളി മുന്നോട്ടു പോകാന്‍ സാധിക്കില്ല എന്ന ഉറപ്പുമുള്ളതിനാല്‍ പ്രതിഷേധാത്മക നിലപാടുമായി മുന്നോട്ടു പോകാം എന്നാണ് കേരളാ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക