സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക ആയി. പട്ടികയില്‍ യുവാക്കള്‍ക്ക് കൈനിറയെ സീറ്റു കിട്ടിയപ്പോള്‍ പ്രമുഖ വനിതാനേതാക്കള്‍ക്ക് സീറ്റുകള്‍ ഇല്ല. സംസ്ഥാന മഹിള കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്‌ണ, മുതിര്‍ന്ന വനിതാനേതാക്കളില്‍ ഒരാളായ ഷാനിമോള്‍ ഉസ്‌മാന്‍ എന്നിവര്‍ക്ക് സീറ്റുകളില്ല.
കൊല്ലം സീറ്റിലായിരുന്നു ബിന്ദു കൃഷ്‌ണയുടെ പേര് പരിഗണിച്ചിരുന്നത്. എന്നാല്‍, തോപ്പില്‍ രവിയുടെ മകനും കെ പി സി സി വൈസ് പ്രസിഡന്റുമായ സൂരജ് രവിക്കു വേണ്ടി കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ നിലകൊണ്ടതോടെ കൊല്ലം സീറ്റില്‍ നിന്ന് ബിന്ദു കൃഷ്‌ണയുടെ പേര് വെട്ടുകയായിരുന്നു. അമ്പലപ്പുഴ സീറ്റ് ജെ ഡി യുവിന് നല്കിയതോടെ ഷാനിമോള്‍ ഉസ്മാനും സീറ്റില്ലാതായി.
യുവാക്കള്‍ സ്ഥാനാര്‍ത്ഥിപട്ടികയില്‍ ഇടം പിടിച്ചപ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിന് സീറ്റ് കിട്ടിയില്ല. എന്നാല്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷിന് കരുനാഗപ്പള്ളിയില്‍ സീറ്റ് ലഭിച്ചു. എന്‍ എസ് യു ദേശീയ അധ്യക്ഷന്‍ റോജി ജോണ്‍ (അങ്കമാലി), ദേശീയ സെക്രട്ടറി എസ് ശരത്ത് (ചേര്‍ത്തല), എല്‍ദോസ് കുന്നപ്പള്ളി (പെരുമ്പാവൂര്‍), സതീശന്‍ പാച്ചേനി (കണ്ണൂര്‍), കെ എ തുളസി (ചേലക്കര) എന്നീ മണ്ഡലങ്ങളില്‍ മത്സരിക്കും.