സമ്പൂര്‍ണ മദ്യനിരോധനമെന്ന നിലയിലേക്കാണ് കേരളം നീങ്ങുന്നതെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. ലഹരി വിരുദ്ധ അന്തരീക്ഷം ശക്തിപ്പെട്ടു വരുകയാണ്. സ്വാതന്ത്ര്യത്തിനു ശേഷം ലഹരിവിരുദ്ധ അന്തരീക്ഷം ഇത്രയേറെ ശക്തിപ്പെട്ട കാലം മുന്‍പുണ്ടായിട്ടില്ലെന്നും സുധീരന്‍ പറഞ്ഞു. ഡിസിസി സംഘടിപ്പിച്ച രാജീവ് ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
418 ബാറുകള്‍ പൂട്ടിയതിനു ശേഷം വാഹനാപകടങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായിട്ടുണ്ട്. അതേസമയം, ബാര്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് കേരളാ കോണ്‍ഗ്രസ് (എം) നേതാവും ധനമന്ത്രിയുമായ കെ എം മാണിയും രംഗത്തെത്തി. പൂട്ടിയ ബാറുകള്‍ തുറക്കേണ്ടെന്ന് മാണി ആവര്‍ത്തിച്ചു. സമ്പൂര്‍ണ മദ്യനിരോധനമാണ് നടപ്പാക്കേണ്ടത്. ഇത് ഘട്ടംഘട്ടമായി മാത്രമേ നടപ്പാക്കാന്‍ കഴിയൂവെന്നും മാണി കൂട്ടിച്ചേര്‍ത്തു.