മാപ്പിനു പുറകെ 'ബുൾസ് ഐ', കലക്ടര്‍ ബ്രോ ‘മരണമാസാ’ണ്; കലക്ടറെ ഏറ്റെടുത്ത് സോഷ്യൽ മിഡിയ

Webdunia
ശനി, 2 ജൂലൈ 2016 (14:04 IST)
മാധ്യമങ്ങളിലൂടെ തന്നെ അവഹേളിക്കുന്നത് നിർത്തി കളക്ടർ മാപ്പ് പറയണമെന്ന് എം പി ആവശ്യപ്പെട്ടതിന് മറുപടിയായി കുന്നംകുളത്തിന്റെ മാപ്പ് കളക്ടർ എൻ പ്രശാന്ത് തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തു. കലക്ടറുടെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തി.
 
മാപ്പിനു പുറമെ ബുൾസെയുടെ ചിത്രവും കലക്ടർ ഫേസ്ബുക്കിൽ ഇട്ടു. ഇതും എം പിക്കുള്ള മറുപടിയാണോ എന്നും ചിലർ കലക്ടറൊട് ചോദിക്കുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത എം.പിയെ സോഷ്യല്‍ മീഡിയയിലൂടെ ഇത്തരത്തില്‍ കളിയാക്കുന്ന കലക്ടറുടെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് പലരും വിമര്‍ശിക്കുന്നത്. 
 
സോഷ്യൽ മീഡിയകൾ വഴി കൈയ്യറ്റി വാങ്ങാൻ മാത്രമേ കലക്ടർക്ക് കഴികയുള്ളുവെന്നും ചിലർ പറയുന്നു. ആരേയും ഭയക്കാതെ നിയമം പാലിക്കുകയാണ് കലക്ടർ ചെയ്യുന്നതെന്നും ചിലർ പറയുന്നു. ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ ആ സ്ഥാനത്തിന്‍െറ അന്തസ്സ് എങ്കിലും കാണിക്കണം, കൈയടി കിട്ടാന്‍ ഫേസ്ബുക്കില്‍ അതുമിതും പോസ്റ്റ് ചെയ്യുകയല്ല വേണ്ടത് എന്നും ചിലർ അവകാശപ്പെടുന്നു.
 
ഇതിലും വലിയ മാപ്പ് സ്വപ്നത്തില്‍ മാത്രം, രാഷ്ട്രീയക്കാരെ 'ആക്കുന്ന' ഉദ്യോഗസ്ഥരെ സിനിമയിലെ കണ്ടിട്ടുള്ളൂ, ഇതാ ഇപ്പോ നേരിട്ടു കണ്ടു, കലക്ടര്‍ നമ്മുടെ 'ദി കിങ്ങാണ്, കലക്ടര്‍ ബ്രോ ‘മരണമാസാ’ണ് എന്നിങ്ങനെ കലക്ടര്‍ക്ക് പിന്തുണയായും പോസ്റ്റുകള്‍ വ്യാപകമാണ്. ദി കിങ് പോലുള്ള സിനിമകളാണ് പ്രചോദനമെങ്കില്‍ ഒന്നറിയുക സിനിമയല്ല ജീവിതം' എന്നാണ് കലക്ടറെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു പോസ്റ്റ്.
Next Article