ടൈറ്റാനിയം അഴിമതി: ഏത് അന്വേഷണത്തിനും തയാറാണെന്ന് മുഖ്യമന്ത്രി

വെള്ളി, 29 ഓഗസ്റ്റ് 2014 (15:08 IST)
ടൈറ്റാനിയം കേസില്‍ ഏത് അന്വേഷണത്തിനും തയാറാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  തൊഴിലാളികളേയും ഫാക്ടറിയേയും രക്ഷിക്കുന്നതില്‍ തനിക്ക് നല്ലൊരു പങ്കുണ്ടെന്നും അതിനാലാണ്  അവരെ രക്ഷിക്കുന്നതിനായി താന്‍ ഇടപെട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. 
 
ഇടതുമുന്നണി സര്‍ക്കാര്‍ ആഘോഷപൂര്‍വമാണ് പ്ലാന്റിന്റെ പണി തുടങ്ങിയത്. മന്ത്രിസഭയുടെ അനുമതിയോടെയാണ് പദ്ധതി നടപ്പിലായത്. ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ തന്റെ പേര് ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രമേശ് ചെന്നിത്തലയെ പ്രതി ചേര്‍ക്കാന്‍ കോടതി ആവശ്യപ്പെട്ടതില്‍ അത്ഭുതം തോന്നുന്നതായി പറഞ്ഞ അദ്ദേഹം കേസില്‍ ചെന്നിത്തലയ്ക്ക് പങ്കില്ലെന്നും വ്യക്തമാക്കി. ആരോപണങ്ങളുടെ പേരില്‍ രാജിവച്ചാല്‍ അത് മണ്ടത്തരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
ടൈറ്റാനിയം അഴിമതി കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുക്കുന്നതിന് പ്രോസിക്യൂഷന്രെ അനുമതി വേണ്ടെന്ന് വിജിലന്‍സ് കോടതി വ്യക്തമാക്കിയിരുന്നു. പരാതി നല്‍കുന്ന സമയത്ത് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നില്ലെന്നും അതിനാല്‍ത്തന്നെ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മറ്റ് പ്രതികള്‍ക്കും നിയമപരിരക്ഷ കിട്ടില്ലെന്നുമാണ് കോടതി പറഞ്ഞത്.

വെബ്ദുനിയ വായിക്കുക