വീടു വൃത്തിയല്ലെങ്കില്‍ ഇനി പിഴയൊടുക്കണം, ആരോഗ്യവകുപ്പ് പരിശോധന നടത്താനൊരുങ്ങുന്നു
വെള്ളി, 10 ജൂലൈ 2015 (13:27 IST)
പകര്‍ച്ചവ്യാധികള്‍ നിയന്ത്രണവിധേയമാകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലേക്കും ആരോഗ്യവകുപ്പ് പരിശോധന്യ്ക്കെഥാന്‍ ഒരുങ്ങുന്നു. നിലവില്‍ ഹോട്ടലുകളിലും സ്ഥാപനങ്ങളിലും നടത്തുന്ന പരിശോധനകള്‍ക്ക് പുറമേയാണ് ഇത്. ഹോട്ടലുകളിലെ പതിവു പരിശോധനകള്‍ വീടുകളിലേക്കുകൂടി വ്യാപിപ്പിക്കാനാണു തീരുമാനം.
ആരോഗ്യവകുപ്പിനു കീഴിലുള്ള സന്നദ്ധപ്രവര്‍ത്തകര്‍, പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാര്‍, വിവിധ സന്നദ്ധസംഘടനകള്‍ എന്നിവര്‍ പദ്ധതിയില്‍ പങ്കാളികളാകും. പകര്‍ച്ചവ്യാധികള്‍ കൂടുതലായുള്ള പ്രദേശങ്ങളിലായിരിക്കും ആദ്യഘട്ടം പരിശോധന. ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അവഗണിക്കുകയോ പാലിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കില്‍ പിഴയീടാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
വീടുകളില്‍ പരിശോധനയ്‌ക്കെത്തുന്ന സംഘം നിയമപരമായ കാര്യങ്ങളില്‍ ബോധവത്കരണം നടത്തും. ബോധവത്കരണംകൊണ്ടു പ്രയോജനമുണ്ടായില്ലെങ്കില്‍ രണ്ടാംഘട്ടത്തില്‍ പിഴ ചുമത്തും. വീടുകള്‍, കടകള്‍ എന്നിവയെല്ലാം പദ്ധതിയില്‍ ഉള്‍പ്പെടുത്തും. വീടുകളുടെ അകത്തും പുറത്തും പരിശോധനയുണ്ടാകും. പദ്ധതി ആദ്യം കോഴിക്കോട്ട് നടപ്പാക്കുമെന്നാണ് വിവരം.
.വൃത്തിഹീനമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നവരില്‍നിന്നു പിഴയീടാക്കാന്‍ നിലവില്‍ നിയമമുണ്ടെങ്കിലും അതു കര്‍ക്കശമായി നടപ്പാക്കാന്‍ ഇതുവരെ ഉദ്യോഗസ്ഥര്‍ രംഗത്തിറങ്ങിയിരുന്നില്ല. എന്നാല്‍ ഇത്തവണ കടുത്ത നടപടികളുമായാണ് ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നത്. ഇതിനായി നിയോഗിക്കപ്പെടുന്ന സന്നദ്ധപ്രവര്‍ത്തകര്‍ക്കു യാത്രാബത്ത ഉള്‍പ്പെടെ നല്‍കും. നഗര-ഗ്രാമവ്യത്യാസമില്ലാതെയാകും പദ്ധതി നടപ്പാക്കുക.
കടകളിലെ മാലിന്യസംസ്‌കരണസംവിധാനത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. എതിര്‍പ്പുയര്‍ന്നാലും ഏതുവിധേനയും പദ്ധതി നടപ്പാക്കാനാണ് ഉദ്യോഗസ്ഥര്‍ക്കുള്ള നിര്‍ദേശം. ഇതിനായി തദ്ദേശസ്ഥാപനങ്ങളുടെ സഹകരണം തേടാനും ആവശ്യമെങ്കില്‍ പൊലീസ് സഹായവും സ്വീകരിക്കും.