കാരുണ്യ പദ്ധതി ക്രമക്കേട്: അഴിമതി കണ്ടെത്താനായില്ല, ഉമ്മന്‍ ചാണ്ടിക്കും മാണിക്കും വിജിലന്‍സിന്റെ ക്ലീന്‍ചിറ്റ്

ഞായര്‍, 19 മാര്‍ച്ച് 2017 (09:52 IST)
കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയില്‍ ക്രമക്കേട് നടത്തിയെന്ന പരാതിയിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും മുന്‍ ധനകാര്യമന്ത്രി കെ എം മാണിക്കും വിജിലന്‍സിന്റെ ക്ലിൻചിറ്റ്. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ഇരുവരും അഴിമതി നടത്തിയതായി കണ്ടെത്താന്‍ സാധിച്ചില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഈ ത്വരിതാന്വേഷണ റിപ്പോർട്ട് വിജിലൻസ് കോടതിയിൽ സമർപ്പിച്ചു.
 
കാരുണ്യലോട്ടറിയുടെ ആകെ വരുമാനം ചികിത്സാ സഹായമായി നല്‍കിയില്ല, ഈ പദ്ധതിയുടെ ധനസഹായം കൂടുതലായി ലഭിച്ചത് അനര്‍ഹര്‍ക്കാണ്, ഉപഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ ഇരുവരും ചേര്‍ന്ന് വലിയ തരത്തിലുള്ള ക്രമക്കേടുകള്‍ നടത്തി തുടങ്ങിയ പരാതികളിലായിരുന്നു വിജിലന്‍സ് ത്വരിത പരിശോധന നടത്തിയത്. എന്നാൽ, ഈ ആരോപണങ്ങളിൽ കഴമ്പില്ലെന്നാണ് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നത്.
 
ഉമ്മന്‍ചാണ്ടിയേയും മാണിയേയും കൂടാതെ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം, ലോട്ടറി ഡയറക്ടറായിരുന്ന ഹിമാന്‍ഷു കുമാര്‍ എന്നിവര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം നടത്തിയിരുന്നു. ഇവര്‍ക്കെതിരെയും തെളിവുകളില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇരുന്നൂറോളം ഫയലുകളുടേയും സാക്ഷിമൊഴികളു‍ടേയും അടിസ്ഥാനത്തിലായിരുന്നു വിജിലന്‍സിന്റെ ഈ കണ്ടെത്തൽ.

വെബ്ദുനിയ വായിക്കുക