പാര്‍ട്ടി നേതാക്കളോട് ജനങ്ങള്‍ക്ക് മതിപ്പില്ലെന്ന് സിപി‌എം റിപ്പോര്‍ട്ട്

വെള്ളി, 2 ജനുവരി 2015 (09:49 IST)
പി കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത സംഭവം നാണക്കേടായെന്നും പാര്‍ട്ടി നേതാക്കളെ അവമതിപ്പോടു കൂടി ജനങ്ങള്‍ കാണുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും സിപിഎം ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ട്. സ്മാരകം തകര്‍ത്തതുമായി ബന്ധപ്പെട്ട സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രസ്താവനയെ റിപ്പോര്‍ട്ട് പിന്തുണയ്ക്കുന്നു. പി കൃഷ്ണ പിളള സ്മാരകം തകര്‍ത്തത് അണികള്‍ക്കിടയില്‍ കനത്ത മാനസിക വൃഥയുണ്ടാക്കി. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് വിഎസ് കൈകൊണ്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
അതേ സമയം ആലപ്പുഴ, മാവേലിക്കര ലോക്സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പു പരാജയത്തിന്റെ കാരണം സംഘടനാ ദൌര്‍ബല്യമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ അടുത്ത തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ദയനീയ പരാജയം നേരിടുമെന്ന മുന്നറിയിപ്പോടെയാണു റിപ്പോര്‍ട്ട് അവസാനിക്കുന്നത്. ആലപ്പുഴ ജില്ലയില്‍ വിഭാഗീയത പിടിമുറുക്കുന്നതായി പറയുന്ന റിപ്പോര്‍ട്ടില്‍  അരൂര്‍, ആലപ്പുഴ, ചേര്‍ത്തല ഏരിയാകമ്മിറ്റികളില്‍ വിഭാഗീയത ഉണ്ടായതായി ചൂണ്ടിക്കാട്ടുന്നു. ആലപ്പുഴ ലോകസഭാ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സി.വി ചന്ദ്രബാബുവിന്റെ തോല്‍വി വിഭാഗീയ പ്രവര്‍ത്തനം മൂലമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
 
ജനങ്ങള്‍ക്കു പാര്‍ട്ടിയിലും നേതാക്കളിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടു. അഴിമതി, നിലംനികത്തല്‍, റിയല്‍ എസ്റ്റേറ്റ്, പലിശയിടപാട്, മറ്റു ദുശ്ശീലങ്ങള്‍ എല്ലാം പാര്‍ട്ടിയുടെ അന്തസ്സ് ഇടിക്കുന്ന തലത്തിലെത്തി. അതേ സമയം കോണ്‍ഗ്രസിന്റെ കെസി വേണുഗോപാലും കൊടിക്കുന്നില്‍ സുരേഷും മികച്ച ജനപ്രതിനിധികളായിരുന്നു എന്ന് റിപ്പോര്‍ട്ട് സമ്മതിക്കുന്നുമുണ്ട്. ബ്ലേഡ് മാഫിയയ റിയല്‍ എസ്റ്റേറ്റ് മാഫിയ എന്നിവരുമായുളള ബന്ധം, വ്യക്തിവിരോധം, സ്വജനപക്ഷപാതം, വിഭാഗീയത തുടങ്ങിയവ ജനങ്ങളെ പാര്‍ട്ടിയില്‍ നിന്ന് അകറ്റി. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കഴിയുന്നില്ല. പട്ടികാജാതി പട്ടിക വര്‍ഗ്ഗത്തില്‍പെട്ടവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ല. പാര്‍ട്ടിയുടെ സ്വാധീന മേഖലകളിലും വോട്ട് ചോര്‍ച്ചയുണ്ടായി തുടങ്ങിയ കാര്യങ്ങളും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
 
വര്‍ഗ ബഹുജന പ്രസ്ഥാനങ്ങളുടെ സ്ഥിതി ദയനീയമാണെന്നു റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. ബഹുജന പ്രസ്ഥാനങ്ങള്‍ക്ക് താഴേത്തട്ടില്‍ പ്രവര്‍ത്തനങ്ങളില്ല. കൂട്ടായ പ്രവര്‍ത്തനമില്ല, നേതാക്കള്‍ തമ്മിലുള്ള വ്യക്തിവിരോധം, വിഭാഗീയ ചിന്തകളില്‍ നിന്നുള്ള മോചനമില്ലായ്മ, തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിലുള്ള താല്‍പര്യക്കുറവ്, സ്ത്രീകളുടെയും യുവജനങ്ങളുടെയും ഇടയിലുള്ള സ്വാധീനക്കുറവ് എന്നിവയും പാര്‍ട്ടി പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി റിപ്പോര്‍ട്ടില്‍ വിലയിരുത്തുന്നു.  
 
എന്‍എസ്എസ്സിന്റെയും എസ്എന്‍ഡിപിയുടേയും വളര്‍ച്ച ഗൗരവമായി കാണണമെന്നും സോഷ്യല്‍ സൈറ്റുകളില്‍ പാര്‍ട്ടിക്കെതിരെ ആക്രമണം നടക്കുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. പാര്‍ട്ടി അംഗങ്ങളുടെ നിലവാരത്തില്‍ കാര്യമായ അസന്തുലിതാവസ്ഥ ഉണ്ടെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ മെമ്പര്‍ഷിപ്പ് കാമ്പയിനുകളില്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ട്. ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബുവാണ് റിപ്പോര്‍ട്ട് അവതരിപ്പിച്ചത്.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക