ക്ലോറോഫോം മണപ്പിച്ച് വീട്ടമ്മയുടെ മാല കവര്‍ന്നു

വ്യാഴം, 24 സെപ്‌റ്റംബര്‍ 2015 (19:33 IST)
കടയില്‍ കയറി മിഠായി ആവശ്യപ്പെട്ട് വീട്ടമ്മകൂടിയായ കടയുടമയെ ക്ലോറോഫോം മണപ്പിച്ചു  സ്വര്‍ണ്ണമാല കവര്‍ന്നു. ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിനടുത്ത് ആമ്പാടി നഗറി കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.
 
ആമ്പാടി നഗറില്‍ പുത്തന്‍വിള ശ്രീചക്രത്തില്‍ അംബിക എന്ന 54 കാരിയുടെ മാലയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം കവര്‍ന്നത്. ആദ്യം ച്യൂയിംഗ് ഗം ആവശ്യപ്പെട്ട് അതില്ലെന്നു പറഞ്ഞപ്പോള്‍ മിഠായി ആവശ്യപ്പെടുകയും ഇത് എടുക്കാന്‍ വീട്ടമ്മ ശ്രമിച്ചപ്പോള്‍ അക്രമികളില്‍ ഒരാള്‍ ക്ലോറോഫോം മുക്കിയ തൂവാല വീട്ടമ്മയുടെ മുഖത്ത് അമര്‍ത്തി മാല പൊട്ടിക്കുകയായിരുന്നു. 
 
എന്നാല്‍ ഇതിനിടെ വീട്ടമ്മ കുതറി നിലവിളിച്ചതോടെ മോഷ്ടാക്കള്‍ ബൈക്കില്‍ കയറി മാലയുമായി ഓടിയൊളിച്ചു. ക്ലോറോഫോം മണപ്പിച്ച ഭാഗത്ത് പൊള്ളലേറ്റിട്ടുണ്ട്. ശ്രീകാര്യം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വെബ്ദുനിയ വായിക്കുക