''നീ ഇപ്പോൾ ഫീൽഡിലിറങ്ങിയോ? മുഴുവൻ പറ കേൾക്കട്ടെ''; പരാതിയുമായി സ്റ്റേഷനിലെത്തിയ അമ്മയേയും മകളേയും അപമാനിച്ച് എസ് ഐ

ചൊവ്വ, 4 ഏപ്രില്‍ 2017 (08:57 IST)
അയൽവാസിയായ മധ്യവയസ്കനും മകനും ചേർന്ന് മാനസിക വളർച്ചയെത്താത്ത പന്ത്രണ്ടുകാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയ അമ്മയ്ക്കും മകൾക്കും നേരിടേണ്ടി വന്നത് തീർത്തും അപമാനകരമായ അവസ്ഥ. തൃശൂർ എരുമപ്പേട്ടയിലാണ് സംഭവം.
 
പരാതി നല്‍കിയതിന്റെ പേരില്‍ പ്രതിയും സാമൂഹ്യ വിരുദ്ധരും ചേര്‍ന്ന് തടഞ്ഞു വെച്ചതിന് പിന്നാലെയാണ് പൊലീസ് പരാതിക്കാരെ അപമാനിച്ചത്. സംഭവത്തില്‍ എരുമപ്പെട്ടി സ്റ്റേഷനിലെ അഡീഷണല്‍ എസ്‌ഐ ടിഡി ജോസിനെതിരെ അന്വേഷണത്തിന് ഉത്തരവായി. ''നീ ഇപ്പോ ഫീല്‍ഡില്‍ ഇറങ്ങിയോ എന്നാണ് തകര്‍ന്നിരിക്കുന്ന എന്റെ മകളോട് എഎസ്‌ഐ ചോദിച്ചത്. നിന്നെ ആരൊക്കെയാ പീഡിപ്പിച്ചത് പറയ്, അത് ഞാനുംകൂടി കേള്‍ക്കട്ടെ എന്ന് പറഞ്ഞു''. പെൺകു‌ട്ടിയുടെ അമ്മ പറയുന്നു.
 
ഇങ്ങനെയുള്ള സന്ദർഭങ്ങൾ ജീവിതത്തിൽ ഉണ്ടാകാതിരിയ്ക്കാനാണ് ഓരോ അമ്മമാരും പെൺ‌മക്കളെ ജനലിൽ കെട്ടിത്തൂക്കണതെന്നും അമ്മ പറയുന്നു. പരാതി നൽകി തിരിച്ചെത്തിയ കുട്ടിയെയും അമ്മയെയും പ്രതികളും അയല്‍വാസികളായ ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് തടഞ്ഞു വച്ചു. പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മൂപ്പതിലധികം പേര്‍ അസഭ്യവര്‍ഷം നടത്തിയതായും ആരോപണമുണ്ട്. 

വെബ്ദുനിയ വായിക്കുക