ആരോപണങ്ങള്‍ എല്ലാം അസത്യം; സരിതയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബാര്‍ മുതലാളിമാരെന്നും മുഖ്യമന്ത്രി

വ്യാഴം, 28 ജനുവരി 2016 (08:45 IST)
സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത എസ് നായര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അസത്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
 
സരിതയുടെ ആരോപണങ്ങള്‍ അസത്യമാണ്. പത്തുദിവസം മുമ്പ് പിതൃതുല്യനെന്ന് പറഞ്ഞ സരിത മൊഴി മാറ്റിയതിന്റെ കാരണം അറിയില്ല. സരിതയുടെ ആരോപണങ്ങള്‍ക്ക് സത്യവുമായി ഒരു ബന്ധവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
മദ്യമുതലാളിമാര്‍ സോളാര്‍ കേസ് അട്ടിമറിക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. സരിതയുടെ ആരോപണങ്ങള്‍ക്ക് പിന്നില്‍ ബാര്‍ ഉടമകളാണ്. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ മദ്യമുതലാളിമാരില്‍ ഒരു വിഭാഗം ശ്രമിക്കുകയാണ്. ഇതിന്റെ തെളിവ് സര്‍ക്കാരിന്റെ പക്കലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
സരിതയുടെ ബുധനാഴ്ചത്തെ മൊഴിക്ക് പിന്നിലും മദ്യലോബിയുമായി ചേര്‍ന്നുള്ള രാഷ്‌ട്രീയ ഗൂഡാലോചനയാണുള്ളത്. മദ്യലോബിക്കെതിരായ തീരുമാനമാണ് ഇതിനെല്ലാം പിന്നില്‍. ബാറുകള്‍ അടച്ചുപൂട്ടാനുള്ള സര്‍ക്കാരിന്റെ ധീരമായ തീരുമാനം മാറ്റാന്‍ അവര്‍ പല മാര്‍ഗം നോക്കി. കോടതിയില്‍ പരാജയപ്പെട്ടതു മുതല്‍ തുടങ്ങിയതാണ് അട്ടിമറി നീക്കങ്ങളെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
ബാര്‍ ഉടമകളില്‍ ഒരു വിഭാഗം മാത്രമാണ് ഇതിനു പിന്നില്‍. ഇതു സംബന്ധിച്ച് സര്‍ക്കാരിന് കൃത്യമായ വിവരമുണ്ട്. സര്‍ക്കാരിനെ ഇതുവരെ അട്ടിമറിക്കാന്‍ സി പി എമ്മിന് കഴിഞ്ഞില്ല, അടുത്ത തെരഞ്ഞെടുപ്പില്‍ അട്ടിമറിക്കാന്‍ കഴിയുമോ എന്ന് നോക്കുകയാണ് സി പി എം എന്നും മുഖ്യമന്ത്രി പറഞ്ഞു.
 
2014ല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ എല്‍ ഡി എഫ് പത്തുകോടി രൂപ ഓഫര്‍ ചെയ്തുവെന്ന് സരിത പറഞ്ഞു, അത്  ഇന്ത്യ ടുഡേയുടെ കവര്‍ സ്റ്റോറി ആയിരുന്നു. എന്നാല്‍, തങ്ങളാരും അത് ഏറ്റെടുത്തില്ലെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
 
സോളാര്‍ കേസുമായി ബന്ധപ്പെട്ട് പി സി ജോര്‍ജിന്റെ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍, പി സി ജോര്‍ജ് ആരോപണങ്ങള്‍ തേടി നടക്കുകയാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

വെബ്ദുനിയ വായിക്കുക