ജനാധിപത്യത്തിലെ ശക്തി ജനങ്ങളുമായുള്ള ബന്ധം: മുഖ്യമന്ത്രി

വ്യാഴം, 22 മെയ് 2014 (16:15 IST)
ജനാധിപത്യത്തിലെ ഏറ്റവും വലിയ ശക്തി ജനങ്ങളുമായി ഭരണകൂടത്തിനുള്ള ബന്ധമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മികച്ച ത്രിതല പഞ്ചായത്തുകള്‍ക്കുള്ള കേന്ദ്ര പുരസ്‌ക്കാരത്തുക സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. 
 
ജനങ്ങളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സംവിധാനങ്ങളുണ്ടെന്ന് ബോധ്യം വരണം. ജനക്ഷേമകരമായ പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ക്ക് ഏറെ ചെയ്യാനാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടേതായി ഏറെ പദ്ധതികളുണ്ട്. ഇത്തരം കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ പഞ്ചായത്തുകള്‍ക്ക് കഴിയണം. ഗവണ്‍മെന്റ് ആനുകൂല്യങ്ങള്‍ അതത് പ്രദേശങ്ങളില്‍ എത്തിച്ചുകൊടുക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റാനും അതിനുള്ള സാഹചര്യമൊരുക്കാനും ത്രിതല പഞ്ചായത്തുകള്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 
 
ഒടുവിലത്തെ ആളിനും സര്‍ക്കാരിന്റെ ക്ഷേമ-ആനുകൂല്യങ്ങള്‍ ലഭ്യമാകുമ്പോഴാണ് ജനാധിപത്യത്തിന്റെ അന്ത:സത്ത പൂര്‍ണമായും ഉള്‍ക്കൊള്ളാന്‍ കഴിയുക. ജനക്ഷേമ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ ത്രിതല പഞ്ചായത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 
 
സംസ്ഥാനത്തു നിന്നും മികച്ച ജില്ലാ പഞ്ചായത്തിനുള്ള കേന്ദ്ര അവാര്‍ഡ് ലഭിച്ച എറണാകുളം ജില്ലാ പഞ്ചായത്തിനുള്ള 50 ലക്ഷം രൂപയും ഇടുക്കി, നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തുകള്‍ക്കുള്ള അവാര്‍ഡ് തുകയായ 25 ലക്ഷം രൂപ വീതവും അടാട്ട്, പുലാമന്തോള്‍ ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള 11 ലക്ഷം രൂപ വീതവും ഒരേ മാര്‍ക്ക് പങ്കിട്ട തിരുവേഗപ്പുറ, ചെമ്പിലോട് ഗ്രാമ പഞ്ചായത്തുകള്‍ക്കുള്ള 5.5 ലക്ഷം രൂപ വീതവുമുള്ള അവാര്‍ഡുകള്‍ മുഖ്യമന്ത്രി വിതരണം ചെയ്തു. 
 

വെബ്ദുനിയ വായിക്കുക