അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ല: ചെന്നിത്തല

ശനി, 1 ഓഗസ്റ്റ് 2015 (18:30 IST)
വകുപ്പ് മന്ത്രിമാരറിയാതെ ചീഫ് ജലവിഭവ, പൊതുമരാമത്ത് വകുപ്പിലെ എഞ്ചിനീയര്‍മാരെ സസ്‌പെന്റ് ചെയ്‌ത വിഷയത്തില്‍ വിശദീകരണവുമായി ചെന്നിത്തല രംഗത്ത്. മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക പരാതി നല്‍കിയ വാര്‍ത്ത തെറ്റാണെന്ന് മന്ത്രി പറഞ്ഞു. ഉദ്യാഗസ്ഥർക്കെതിരായ നടപടി മന്ത്രിമാരുമായി ചർച്ച ചെയ്തിരുന്നു. മന്ത്രിമാർ പരാതിപ്പെട്ടിട്ടില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന്  വ്യക്തമാക്കിയ ആഭ്യന്തരമന്ത്രി അഴിമതി തടയേണ്ടത് തന്റെ ചുമതലയും ഉത്തരവാദത്വവുമാണ് എന്ന് കൂട്ടിച്ചേര്‍ത്തു. അഴിമതി തടയാനല്ലെങ്കില്‍ പിന്നെന്തിന് വിജിലൻസ് സംവിധാനം. മന്ത്രിമാരായ പി.ജെ. ജോസഫും വി.കെ. ഇബ്രാഹിംകുഞ്ഞുമായി അഭിപ്രായവ്യത്യാസമില്ല- ചെന്നിത്തല പറഞ്ഞു.

ആഭ്യന്തരവകുപ്പിന്റെ നടപടികൾക്കെതിരെ മുഖ്യമന്ത്രിക്ക് പൊതുമരാമത്ത്, ജലവിഭവ വകുപ്പ് മന്ത്രിമാർ പരാതിപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. കടലുണ്ടി പാലത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചീഫ് എൻജീനിയർമാരെ സസ്പെൻഡ് ചെയ്തിരുന്നു. ഇക്കാര്യങ്ങൾ ബന്ധപ്പെട്ട വകുപ്പുമന്ത്രിമാരെ അറിയിക്കാതെയാണ് നടപടിയെന്നാണ് ആരോപണം.

ആഭ്യന്തര മന്ത്രി തങ്ങളുടെ വകുപ്പുകളില്‍ കൈ കടത്തുകയാണെന്നും ചെന്നിത്തലയുടെ നടപടികള്‍ സര്‍വ്വീസ് ചട്ടങ്ങളിടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് മന്ത്രിമാര്‍ പരാതി നല്‍കിയതെന്നായിരുന്നു വാര്‍ത്തകള്‍. അതേ സമയം ചെന്നിത്തലക്കെതിരെ ജല വിഭവ വകുപ്പ് പരാതി നല്‍കിയിട്ടില്ലെന്നും സസ്‌പെന്റ് ചെയ്യപ്പെട്ട ചീഫ് എഞ്ചിനീയര്‍ മഹാദേവ് നല്‍കിയ പരാതി മുഖ്യമന്ത്രിക്ക് കൈമാറുക മാത്രമാണ് ചെയ്തതെന്നും കേരള കോണ്‍ഗ്രസ് എം നേതാവ് ആന്റണി രാജു അറിയിച്ചു. അഴിമതിയും ക്രമക്കേടും ചൂണ്ടിക്കാട്ടി വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രി ചീഫ് എഞ്ചിനീയര്‍മാരെ സസ്‌പെന്റ് ചെയ്തത്.

അതേസമയം സല്യൂട്ട് വിവാദത്തിൽ ഋഷിരാജ് സിങ്ങിനെതിരെ നടപടി വേണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. ഋഷിരാജ് സിങ് തന്നെ നേരിൽക്കണ്ട് വിശദീകരണം നൽകി. വിവാദം ഇതോടെ അവസാനിപ്പിക്കണമെന്നും ആഭ്യന്തര മന്ത്രി ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക