വനിതാ മതില്‍ വര്‍ഗീയ മതിലാണ്, മതേതര മൂല്യങ്ങള്‍ തകര്‍ക്കും: ചെന്നിത്തല

ഞായര്‍, 9 ഡിസം‌ബര്‍ 2018 (17:58 IST)
പിണറായി വിജയന്‍ സര്‍ക്കാരിന്റെ വനിതാ മതില്‍ വര്‍ഗീയ മതിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തികച്ചും രാഷ്ട്രീയ പരിപാടിയാണിത്. ഇതിനായി നികുതിദായകരുടെ പണം ചെലവഴിക്കുന്നത് ശരിയല്ല. വനിതാ മതിലിലേക്ക് മുസ്‌ളീം ക്രിസ്ത്യന്‍ സംഘടനകളെ സര്‍ക്കാര്‍ ക്ഷണിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ജീവനക്കാര്‍ എന്തിനുവേണ്ടിയാണ് വനിതാ മതിലില്‍ പങ്കെടുക്കേണ്ടതെന്ന് ചോദിച്ച ചെന്നിത്തല മതില്‍ കേരള സമൂഹത്തില്‍ മുറിവുണ്ടാക്കാന്‍ മാത്രമെ ഉപകരിക്കൂവെന്നും പറഞ്ഞു. വനിതാ മതിലില്‍ കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പങ്കെടുപ്പിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സിപിഎമ്മിന് മതിലുക്കെട്ടണമെങ്കില്‍ പാര്‍ട്ടി പണം ചെലവാക്കണം. ഇത് വര്‍ഗീയ മതിലാണെന്നും ചരിത്രത്തോട് ചെയ്യുന്ന അനീതിയാണെന്നും ചെന്നിത്തല പറഞ്ഞു.  കേരളത്തിലെ ജനങ്ങള്‍ ഇതൊന്നും അംഗീകരിക്കില്ല. പങ്കെടുക്കാന്‍ താല്‍പര്യമില്ലാത്തവരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കരുത്.

ഹിന്ദു സംഘടനകളെ മാത്രം പങ്കെടുപ്പിച്ചുകൊണ്ടുള്ള വനിതാ മതില്‍ സംസ്ഥാനത്തിന്റെ മതേതര മൂല്യങ്ങള്‍ തകര്‍ക്കുന്നതാണ്. ഓരോ ദിവസവും ഓരോ സംഘടനകള്‍ പരിപാടിയില്‍ നിന്നും പിന്മാറി കൊണ്ടിരിക്കുകയാണെന്നും പത്രസമ്മേളനത്തില്‍ ചെന്നിത്തല പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍