ചെങ്ങന്നൂരിൽ മൂന്ന് മുന്നണികളും ഒരുപോലെ വെട്ടിലാക്കി വിജയക്കൊടി പാറിക്കാന്‍ ശോഭനാ ജോർജ്ജ്

Webdunia
വ്യാഴം, 5 മെയ് 2016 (10:56 IST)
ചെങ്ങന്നൂരിൽ മൂന്ന് മുന്നണികള്‍ക്കും ഒരുപോലെ ഭീതി ഉയര്‍ത്തി ശക്തമായ പ്രചാരണവുമായി ശോഭനാ ജോർജ്ജ് രംഗത്ത്. ഭരണ വിരുദ്ധ വോട്ടുകൾ ഭിന്നിക്കുമെന്ന ആശങ്കയാണ് ഇടത് മുന്നണിക്കെങ്കില്‍, യു ഡി എഫ് വോട്ടുകൾ മറിയുമെന്ന പേടിയാണ് വലത് മുന്നണിക്ക്. കൂടാതെ എൻ ഡി എയ്ക്ക് കിട്ടേണ്ട സാമുദായിക വോട്ടുകൾ വ്യക്തി ബന്ധങ്ങളുടെ പേരിൽ ശോഭന പിടിക്കുമോ എന്ന ആശങ്ക ബി ജെ പിയിലും നിലനില്‍ക്കുന്നു.
 
മോതിര ചിഹ്നവുമായി മത്സര രംഗത്ത് ശോഭനാ ജോർജ്ജും അനുയായികളും കൂടുതൽ സജീവമായതോടെ കോൺഗ്രസ് നേതൃത്വം വെട്ടിലായി. ശോഭനാ ജോർജ്ജിന്റെ സ്ഥാനാ‍ർത്ഥി പ്രഖ്യാപനം കോൺഗ്രസ് പാർട്ടിയിൽ സ്ഥാനലബ്‍ധിക്കായുള്ള സമ്മർദ്ദ തന്ത്രമായി കണ്ട വലതു മുന്നണി അവസാന നിമിഷം ശോഭന പിൻമാറുമെന്ന് ഉറച്ച് പ്രതീക്ഷിച്ചിരുന്നു. ഇപ്പോള്‍ ആ പ്രതീക്ഷയും നഷ്ടപ്പെട്ട അവസ്ഥയിലാണ് വലതു നേതൃത്വം.
 
വ്യക്തി ബന്ധങ്ങളും-സഭയും സഹായിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ശോഭന.പക്ഷേ കാലാകാലങ്ങളായി യു ഡി എഫിനൊപ്പം നിൽക്കുന്ന വോട്ടർമാർ മാറി ചിന്തിക്കില്ലെന്നാണ് വലത് സ്ഥാനാർത്ഥിയുടെ അവകാശവാദം. പി സി വിഷ്ണുനാഥാണ് ചെങ്ങന്നൂരിലെ യു ഡി എഫ് സ്ഥാനാർത്ഥി. വലത് പെട്ടിയിൽ വീഴേണ്ട സാമുദായിക വോട്ടുകൾ ഭിന്നിപ്പിക്കാൻ സഭയുമായി നല്ല ബന്ധമുള്ള ശോഭനയ്ക്കാകുമോ എന്ന് വോട്ടെണ്ണുമ്പോളെ അറിയാനാകൂ. എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി കെ കെ രാമചന്ദ്രന്‍ നായരും ബി ജെ പി സ്ഥാനാര്‍ഥിയായി പി കെ ശ്രീധരന്‍ പിള്ളയുമാണ് മണ്ഡലത്തില്‍ മത്സരിക്കുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article