ചന്ദ്രൻ ഉണ്ണിത്താന്റേത് ആസൂത്രിത കൊല; കല്ലെറിഞ്ഞത് കെട്ടിടത്തിനു മുകളില്‍ നിന്ന് - റിമാന്‍‌ഡ് റിപ്പോര്‍ട്ട്

വെള്ളി, 4 ജനുവരി 2019 (19:54 IST)
ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ കല്ലേറിൽ പരുക്കേറ്റ് കൊലപ്പെട്ട ചന്ദ്രൻ ഉണ്ണിത്താന്റേത് ആസൂത്രിത കൊലപാതകമെന്ന് റിമാൻഡ് റിപ്പോർട്ട്. സംഘം ചേർന്നാണ് ആക്രമണം നടത്തിയതെന്നും തുടര്‍ച്ചയായി കല്ലേറ് നടത്തിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

അക്രമിസംഘം കെട്ടിടത്തിനു മുകളില്‍ നിന്നാണ് കല്ലേറ് നടത്തിയത്. കൊല ചെയ്യണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ ഇവിടെ തമ്പടിച്ചത്. ഇതിനായി കരിങ്കൽ കഷ്ണങ്ങൾ, ഇഷ്ടിക, സിമന്‍റ് കട്ടകൾ എന്നിവ കരുതിവച്ചു. ‘എറിഞ്ഞു കൊല്ലെടാ അവൻമാരെ’ എന്നാക്രോശിച്ചാണ് പ്രതികള്‍ കല്ലേറ് നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, പ്രതികളുടെ രാഷ്ട്രീയ ബന്ധത്തെക്കുറിച്ച് റിപ്പോർട്ടില്‍ പറയുന്നില്ല. സംഭവത്തില്‍ അറസ്‌റ്റിലായ സിപിഎം പ്രവ‍ർത്തകരായ കണ്ണനും അജുവും റിമാൻഡിലാണ്. ഇവര്‍ക്കെതിരെ കൊലപാതകം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡിൽ വിട്ടു.

തലയ്‌ക്കേറ്റ ക്ഷതം മൂലമെന്ന് ചന്ദ്രന്‍ മരിച്ചതെന്നാണ് വ്യഴാഴ്‌ച പുറത്തുവന്ന പ്രാഥമിക പോസ്‌റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. തലയുടെ മുൻഭാഗത്തും മദ്ധ്യഭാഗത്തുമേറ്റ മുറിവേറ്റിട്ടുണ്ടെന്നും തലയോട്ടിയിൽ ഒന്നിലധികം ആഴത്തിലുള്ള മുറിവുകളുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍