വിറ്റത് രണ്ട് ലക്ഷം രൂപയ്‌ക്ക്; ലൈംഗിക പീഡനം താങ്ങാനാകാതെ കുട്ടി രണ്ടാം നിലയില്‍നിന്ന് താഴേക്ക് ചാടി - അമ്മയും മകനും അറസ്‌റ്റില്‍
വെള്ളി, 4 ജനുവരി 2019 (15:17 IST)
രണ്ട് ലക്ഷം രൂപ നല്‍കി വാങ്ങിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം പീഡിപ്പിച്ച അമ്മയും മകനും അറസ്‌റ്റില്‍. ഹരിയാനയിലെ ബിവാനി സ്വദേശികളായ സന്ദീപ്, അമ്മ ശകുന്തള എന്നിവരാണ് പിടിയിലായത്.
ബന്ധുവീട്ടില്‍ പോകാമെന്ന് പറഞ്ഞ് അമ്മാവനാണ് പെണ്‍കുട്ടിയെ ഒഡീഷയില്‍ നിന്ന് ഹരിയാനയിലെത്തിച്ചത്. ഇവിടെ വെച്ച് അമ്മാവന്‍ ശകുന്തളയില്‍ നിന്നും പണം വാങ്ങി പെണ്‍കുട്ടിയെ കൈമാറി.
കുട്ടിയുടെ സമ്മതമില്ലാതെ ഒരു ക്ഷേത്രത്തില്‍ വച്ച് സന്ദീപ് കുട്ടിയെ വിവാഹം ചെയ്തു. പിന്നീട് വീട്ടില്‍ വച്ച് രണ്ട് മാസത്തോളം ക്രൂരമായി ബലാത്സംഗത്തിനിരയാക്കി. ലൈംഗിക പീഡനത്തിനൊപ്പം ശകുന്തളയും കുട്ടിയെ ശാരീരികമായി ഉപദ്രവിച്ചു.
പീഡനം സഹിക്കാനാകാതെ പെണ്‍കുട്ടി വീടിന്‍റെ രണ്ടാം നിലയില്‍നിന്ന് താഴേക്ക് ചാടുന്നത് ശ്രദ്ധയില്‍പ്പെട്ട സമീപവാസിയാണ് വിഷയം പൊലീസിനെ അറിയിച്ചത്. അറസ്‌റ്റിലായ സന്ദീപിനും ശകുന്തളയ്‌ക്കുമെതിരെ ബാലവിവാഹം നിരോധന നിയമം, പോക്സോ നിയമം തുടങ്ങിയവ പ്രകാരം കേസെടുത്തു.