കലാഭവൻ മണിയുടെ മരണം:പാടിയിലെ വസതിയില്‍ ചാരായം എത്തിച്ചതായി പൊലീസ്; ആത്മഹത്യ അല്ലെങ്കിൽ കൊലപാതകമെന്നും പൊലീസ്
ശനി, 19 മാര്‍ച്ച് 2016 (08:55 IST)
കലാഭവൻ മണി മരിച്ചതു വിഷം ഉള്ളിൽ ചെന്നതുകൊണ്ടാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. ആന്തരികാവയവ പരിശോധനാഫലത്തിൽ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതോടെയാണു മാരകമായ വിഷമാണു മരണകാരണമെന്ന്‍ സ്ഥിരീകരിച്ചത്. കൊലപാതകമോ ആത്മഹത്യയോ ആകാമെന്നതിനാൽ അന്വേഷണത്തിന്റെ ഗതിമാറ്റുന്നതിനു അന്വേഷണസംഘം തീരുമാനിച്ചു.
കൂടാതെ, കലാഭവന്‍ മണിയുടെ പാടിയിലെ വസതിയില്‍ ചാരായം എത്തിച്ചതായി പൊലീസ് സ്ഥിരീകരണം. മണി മരിച്ചതിന്റെ തലേദിവസം വരാന്തരപ്പള്ളിയില്‍ നിന്നാണ് ചാരായം എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ചാരായം എത്തിച്ചതുമായി ബന്ധപ്പെട്ട് ജോയ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കലാഭവൻ മണി മരിച്ചതു ഗുരുതര കരൾ രോഗം മൂലമാണെന്നായിരുന്നു നേരത്തേ പുറത്തുവന്ന വിവരം. എന്നാൽ കൊച്ചിയിലെ രാസപരിശോധനാ ലാബിൽ നിന്നുള്ള പരിശോധനാ ഫലത്തിലാണ് ശരീരത്തില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയത്. മണിയുടെ ശരീരത്തിൽ എങ്ങനെ വിഷാംശം എത്തി എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. ഫൊറൻസിക് സർജന്മാരായ ഡോ രാഗിൽ, ഡോ പി എ ഷീജു, ഡോ ഷേയ്ക്ക് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ മണിയുടെ ഔട്ട്ഹൗസായ പാടിയിൽ പരിശോധന നടത്തിയിരുന്നു.
മരണവുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി നേരത്തെ മൊഴി എടുത്ത ജാഫര്‍ ഇടുക്കി, സാബു എന്നിവരില്‍ നിന്നും വീണ്ടും മൊഴി എടുക്കും. മണിയുടെ വസതിയില്‍ വ്യാജമദ്യം എത്തിച്ച ആറു പേര്‍ക്ക് എതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്യും. അബ്കാരി നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിനിടെ, മണിയുടെ സഹായികളായി കൂടെയുണ്ടായിരുന്നവർ സ്റ്റേജ് ഷോകളിലും മറ്റും ലഭിച്ച തുകയിൽ വെട്ടിപ്പു നടത്തിയതായി മണിയുടെ സഹോദരൻ രാമകൃഷ്ണൻ ആരോപിച്ചു. പക്ഷേ, പരാതികളൊന്നും രേഖാമൂലം പൊലീസിനു നൽകിയിട്ടില്ല. ഇതേസമയം, മുൻപ് അന്വേഷണ സംഘത്തെ നയിച്ചിരുന്ന ഡിവൈഎസ്പി കെ എസ് സുദർശൻ ഇപ്പോൾ സംഘത്തിൽ ഇല്ലെന്നാണു വിവരം.
ഒന്നുകില്‍ ബോധപൂര്‍വ്വം മണിയുടെ സുഹൃത്തുക്കള്‍ തന്നെ കീടനാശിനി കലര്‍ത്തിയ മദ്യം നല്‍കിയതോ അല്ലെങ്കില്‍ മണി സ്വയം കീടനാശിനി കഴിച്ചതോ ആകാമെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ മണി ആത്മഹത്യ ചെയ്യില്ലയെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. അതിനാല്‍തന്നെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.
പാടി വൃത്തിയാക്കി സാധനങ്ങള്‍ ചാക്കില്‍ കെട്ടി കൊണ്ടു പോയ സഹായികളേയും പൊലീസ് കസ്റ്റഡിയിലെടുത്തു. സാധനങ്ങള്‍ ചാക്കില്‍ കെട്ടികൊണ്ടു പോകുമ്പോള്‍ സമീപത്തുള്ള ഒരാള്‍ ഇതെന്താണെന്നു ചോദിച്ചുവെന്നും മറുപടിയായി നിന്റെ മുതലാളി ഇനി തിരിച്ചു വരാന്‍ സാധ്യതയില്ലെന്നു സഹായികളില്‍ ഒരാള്‍ പറഞ്ഞതായും സൂചനയുണ്ട്. മണിയുടേത് കൊലപാതകമെന്ന രീതിയിലാണ് ഇപ്പോള്‍ പൊലീസ് അന്വേഷണത്തിന്റെ ഗതി.