വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ നീക്കം വീണ്ടും ശക്തിപ്പെടുന്നു. സര്‍ക്കാര്‍ പദവിയില്‍ ഇരുന്ന് സ്വകാര്യ കോളേജില്‍ പഠിപ്പിക്കാന്‍ പോയതുമായി ബന്ധപ്പെട്ട് ജേക്കബ് തോമസിനെതിരായ നടപടി സര്‍ക്കാര്‍ അവസാനിപ്പിച്ചതിനെ കുറിച്ച് കേന്ദ്രം വിശദീകരണം തേടി. ചട്ടലംഘനം നടത്തിയതിൽ നടപടി അവസാനിപ്പിക്കാനുണ്ടായ സാഹചര്യം, അതുമായി ബന്ധപ്പെട്ട രേഖകള്‍ എന്നിവ ഹാജരാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടു.
കണ്ണൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി സത്യന്‍ നരവൂര്‍ നല്‍കിയ പരാതിയിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രത്തിന്റെ ഈ നടപടി. ജോലിയിലിരിക്കെയാണ് ജേക്കബ് തോമസ് അവധിയെടുത്ത് സ്വകാര്യ കോളജിൽ പഠിപ്പിക്കാൻ പോയത്. ഇത് ചട്ടലംഘനമാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി ലഭിച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ വാങ്ങിയ ശമ്പളം താന്‍ തിരികെ നൽകിയിയെന്നും ഒരു തരത്തിലുള്ള ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും ജേക്കബ് തോമസ് ഈ സര്‍ക്കാരിന് മറുപടി നല്‍കിയിരുന്നു. തുടര്‍ന്നാണ് എൽ ഡി എഫ് സർക്കാർ അദ്ദേഹത്തിനെതിരായ അന്വേഷണം അവസാനിപ്പിച്ചിരുന്നത്. ഇതിനെതിരെ പരാതിക്കാരൻ വീണ്ടും കേന്ദ്രത്തെ സമീപിക്കുകയായിരുന്നു. തുടർന്നാണ് ഇക്കാര്യത്തില്‍ കേന്ദ്രം സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.