വിവാദ പ്രസംഗം: ബാലകൃഷ്ണ പിള്ളയ്‌ക്കെതിരെ കേസെടുത്തു

വെള്ളി, 5 ഓഗസ്റ്റ് 2016 (07:40 IST)
കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണ പിള്ളയുടെ വിവാദപ്രസംഗത്തില്‍ പത്തനാപുരം പൊലീസ് കേസെടുത്തു. പത്തനാപുരം കമുകന്‍ചേരി എന്‍എസ്എസ് കരയോഗത്തിന്റെ യോഗത്തിലായിരുന്നു ക്രിസ്ത്യന്‍. മുസ്ലീം സമുദായങ്ങളിലെ ആചാരനുഷ്ഠാനങ്ങളെ അധിക്ഷേപിച്ച പ്രസംഗം. പിള്ളയുടെ പ്രസംഗം വര്‍ഗീയ വിദ്വേഷം വളര്‍ത്തുന്നതാണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍  കേസെടുക്കാന്‍  സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കൊല്ലം റൂറല്‍ എസ്പി അജിതാ ബീഗത്തോട് നിര്‍ദേശിക്കുകയായിരുന്നു.
 
ഐപിസി 153ാം വകുപ്പുപ്രകാരം കേസെടുക്കാന്‍ നിര്‍ദേശിച്ച ഡിജിപി  മറ്റ് വകുപ്പുകള്‍ ചുമത്തേണ്ട സാഹചര്യമുണ്ടോയെന്ന് പരിശോധിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് അധികാരമുണ്ടെന്നും വ്യക്തമാക്കി. പിള്ളയുടെ പ്രസംഗം ന്യൂനപക്ഷങ്ങളെ അധിക്ഷേപിച്ചെന്ന് പരാതി ലഭിച്ചതിനത്തെുടര്‍ന്ന് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ എസ്പി  ഉത്തരവിട്ടിരുന്നു. പ്രസംഗത്തിന്റെ ശബ്ദരേഖ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് തുടര്‍ നടപടിയുമായി മുന്നോട്ട് പോകുന്നത്. 
 
എസ്പിയുടെ റിപ്പോര്‍ട്ട് പൊലീസ് ആസ്ഥാനത്തെ ലീഗല്‍ സെല്‍ പരിശോധിച്ചശേഷം കേസെടുക്കാമെന്ന് ശിപാര്‍ശ ചെയ്യുകയായിരുന്നു. എന്നാല്‍ പ്രസംഗത്തില്‍ ബാലകൃഷ്ണപിള്ള ഖേദം പ്രകടിപ്പിച്ചിരുന്നു. കേസുമായി സഹകരിക്കുമെന്ന് ബാലകൃഷ്ണപിള്ള പ്രതികരിച്ചു. ജൂലൈ 31ന് പത്തനാപുരം കമുകുംചേരിയിലെ എന്‍എസ്എസ് കരയോഗത്തില്‍ ബാലകൃഷ്ണപിള്ള നടത്തിയ പ്രസംഗമാണ് വിവാദമായത്. 
 
 
 
 
 

വെബ്ദുനിയ വായിക്കുക