വീടിനു ചുറ്റും കൂറ്റന്‍ മതില്‍, അയല്‍ക്കാരുമായി സഹവാസമില്ല; ചെടികള്‍ക്കൊപ്പം ചട്ടിയില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് കൊച്ചിയില്‍ പിടിയില്‍ !

ബുധന്‍, 24 ഓഗസ്റ്റ് 2022 (12:34 IST)
വീട്ടിലെ ചെടികള്‍ക്കൊപ്പം ചട്ടിയില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് പിടിയില്‍. കൊച്ചിയിലാണ് സംഭവം. വലമ്പൂര്‍ അക്വഡക്റ്റിന് സമീപം താമസിക്കുന്ന ജെയ്ണ്‍ (32) ആണ് പിടിയിലായത്. വിവിധയിനം ചെടികള്‍ക്ക് ഇടയില്‍ ചട്ടിയിലായി കഞ്ചാവ് ചെടിയും വളര്‍ത്തുകയായിരുന്നു ഇയാള്‍. റൂറല്‍ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. 
 
നാട്ടുകാരുമായി യാതൊരു അടുപ്പവും പുലര്‍ത്താത്ത ആളാണ് ജെയ്ണ്‍. അയല്‍ക്കാരുമായി പോലും സഹവാസമില്ല. പുറത്ത് നിന്ന് ആരും അകത്ത് കയറാതിരിക്കാന്‍ വീടിനു ചുറ്റും കൂറ്റന്‍ മതിലുകള്‍ നിര്‍മ്മിച്ച് അക്രമകാരികളായ നായ്ക്കളെ വളര്‍ത്തുന്നുമുണ്ട്. നേരത്തെ കഞ്ചാവ് വില്‍പ്പന നടത്തിയ കേസില്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. നാട്ടുകാര്‍ക്കെതിരെ വടിവാള്‍ വീശി ഭീഷണിപ്പെടുത്തി എന്നതടക്കം നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെ പട്ടിമറ്റം പൊലീസിന് ലഭിച്ചിരുന്നു. 
 
രണ്ട് വര്‍ഷം മുന്‍പ് ഭാര്യയെ നാട്ടുകാര്‍ പീഡിപ്പിച്ചതായി കള്ള കേസുണ്ടാക്കി ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണത്തില്‍ വ്യാജമാണെന്ന് കണ്ടെത്തി. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍