വിദ്യാര്‍ഥികള്‍ക്ക് പിന്നാലെ കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകരും സമരത്തിലേക്ക്
ചൊവ്വ, 28 ഒക്‌ടോബര്‍ 2014 (08:43 IST)
സമരവും സംഘര്‍ഷങ്ങളും പ്രതിസന്ധിയിലക്കിയ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ അധ്യാപകരും സമരത്തിനൊരുങ്ങുന്നു. വൈസ് ചാന്‍സലറുടെ ഏകാധിപത്യ നടപടികള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് അധ്യാപക സമരം. അദ്ധ്യാപകര്‍ ഇന്ന് ക്ലാസ് മുറികള്‍ ബഹിഷ്‌ക്കരിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന്റെ മുറ്റത്ത് ക്ലാസെടുക്കും.
കാംപസില്‍ കുടില്‍കെട്ടി സമരം ശക്തമാക്കാന്‍ വിദ്യാര്‍ത്ഥികളും തീരുമാനിച്ചതിനു പിന്നാലെയാണ് അധ്യാപകരും സമരവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതോടെ സര്‍വകലാശാലയിലെ പ്രതിസന്ധിക്ക് ആക്കം കൂടി. ഇന്ന്അധ്യാപകര്‍ ആരും ക്ലാസ് മുറികളില്‍ എത്തില്ല. പകരം കസേരകളുമായി സര്‍വകലാശാലയിലെ ഭരണ ആസ്ഥാനമായ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിന് മുന്നിലെത്തും. പുസ്തകങ്ങളുമായി വിദ്യാര്‍ഥികളും എത്തും. അവിടെ തന്നെ ക്ലാസുകള്‍ മുഴുവനും എടുക്കാനാണ് അധ്യാപക സംഘടനകളുടെ തീരുമാനം.
വിസിയുടെ ഏകാധിപത്യ പ്രവണതകള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് അധ്യാപക സംഘടനകളുടെ കോണ്‍ഫഡറേഷന്‍ ബുധനാഴ്ച ഗവര്‍ണറെ നേരില്‍ കാണുന്നുണ്ട്. സര്‍വകലാശയിലെ പ്രതിസന്ധി പരിഹരിക്കാന്‍സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണിത്. തിരുവനന്തപുരത്ത് മുഖ്യമന്ത്രി വിളിച്ചു കൂട്ടിയ യോഗത്തില്‍ തീരുമാനമായില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ ക്യാമ്പസില്‍ കുടില്‍കെട്ടി സമരം ആരംഭിക്കും.
അധ്യാപകരുടെ സമരവും വിദ്യാര്‍ഥികളുടെ കുടില്‍കെട്ടി സമരവും ക്യാമ്പസില്‍ നടക്കുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പുകളും ലഭിച്ചിട്ടുണ്ട്. കാലിക്കറ്റ് കാംപസിലെ വിവിധ ഭാഗങ്ങളില്‍ കുടില്‍ കെട്ടി താമസിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. സമരങ്ങളേത്തുടര്‍ന്ന് സര്‍വകലാശാലയിലെ അക്കാദമിക് സംവിധാനങ്ങള്‍ മുഴുവന്‍ നിശ്ചലമായ അവസ്ഥയിലാണ്.