കക്കയത്ത് 300 കോടി രൂപ മുതല്‍ മുടക്കില്‍ അടിസ്ഥാന സൗകര്യമൊരുക്കും, സംരംഭകർ മുന്നിട്ടിറങ്ങും; ചെറു ടൂറിസം പദ്ധതികള്‍ ഇപ്പോൾ തന്നെ നിലവിലുണ്ടെന്ന് തോമസ് ഐസക്

തിങ്കള്‍, 1 ഓഗസ്റ്റ് 2016 (07:59 IST)
കെഎസ്ഇബിയുടെ ടൂറിസം ഫെസിലിറ്റേഷന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കക്കയത്തെ കേരള ഹൈഡല്‍ ടൂറിസം സര്‍ക്യൂട്ട് ധനമന്ത്രി തോമസ് സന്ദര്‍ശിച്ചു. കക്കയത്ത് 250 - 300 കോടി രൂപ മുതൽ മുടക്കിൽ അടിസ്ഥാന സൗകര്യം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസം മേഖലയിൽ വൻ കുതിച്ചു വരവാണ് ഇതുമൂലം ഉണ്ടാവുക. അടിസ്ഥാന സൗകര്യം ഒരുക്കിയാൽ ഒരുപാട് സംരംഭകർ മുന്നോട്ടിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
 
തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
ബാണാസുര സാഗര്‍- കക്കയം -പെരുവണ്ണാ മുഴി മൂന്നും ജലപദ്ധതികളുടെ ഒരു ശൃംഖല ആണ് . റോഡ്‌ മാര്‍ഗ്ഗം യാത്ര ചെയ്യുക ആണെങ്കില്‍ ഏകദേശം 75 കി മി യാത്ര ചെയ്യേണ്ടി വരും. റോപ്പ് വേ വഴിയോ മറ്റോ യാത്ര ചെയ്‌താല്‍ ഏറിയാല്‍ ഒരു 20 കി മി. വയനാടന്‍ മല നിരകളില്‍ കബനി നദിക്ക് കുറുകെ ആണ് ബാണാസുര സാഗര്‍ അണക്കെട്ട് . അവിടെ നിന്ന് ഒരു 5 കി മി നീളമുള്ള ടണല്‍ വഴി വെള്ളം കക്കയത്ത് എത്തുന്നു. അവിടെ നിന്ന് പെന്‍സ്റോക്ക് വഴി വൈദ്യുതി നിലയത്തിലേക്കും. മൂന്നെണ്ണം ഉണ്ട് വൈദ്യുതി നിലയങ്ങള്‍. ഒന്ന് കുറ്റ്യാടി പദ്ധതി, പിന്നെ ലാവ്‌ലിന്‍ നിര്‍മ്മിച്ച കുറ്റ്യാടി എക്സ്റ്റെന്ഷന്‍. പിന്നീട് ബി എച് ഇ എല്‍ നിര്‍മ്മിച്ച കുറ്റ്യാടി അഡീഷനല്‍ എക്സ്റ്റെന്ഷന്‍. വൈദ്യുതി നിലയത്തിലെ വെള്ളം ആണ് പെരുവണ്ണാമുഴി ഡാമില്‍ എത്തുന്നത്. ഇത് ജലസേചനത്തിന് മാത്രമാണ. ഇതിനു തുടര്‍ച്ചയായി ബാലുശ്ശേരി, തുഷാരഗിരി എന്നീ രണ്ട് ചെറുകിട ടൂറിസം സര്‍ക്യൂട്ടുകള്‍ നിര്‍മ്മാണത്തില്‍ ഉണ്ട്. ഇവയെല്ലാം കൂടി ചേര്‍ത്താല്‍ ഒരു മെഗാ ഹൈഡല്‍ ടൂറിസം പദ്ധതി ആകും. മൂന്ന് പദ്ധതികളുടെയും സ്കീമാറ്റിക്ക് ചിത്രം കക്കയം ഇന്‍സ്പെക്ഷന്‍ ബംഗ്ലാവില്‍ നിന്ന് എടുത്തത് ചേര്‍ത്തിട്ടുണ്ട്.
 
അടിസ്ഥാന സൌകര്യം ഒരുക്കിയാല്‍ ഒരു സംശയവും വേണ്ട, ഒത്തിരി സംരംഭകര്‍ റിസോര്‍ട്ടുകളും ഹോം സ്റ്റെകളും ഒക്കെ ആയി മുന്നോട്ട് വരും. ഗോള്‍ഫ് കോഴ്സ്, മറ്റ് കളിക്കളങ്ങളും, കണ്‍വെന്‍ഷന്‍ സെന്റെര്‍, റോപ് വേ, ജലവിനോദ കേന്ദ്രം, കുറ്റ്യാടി ചുര റോഡ്‌ അടക്കം ഏതാണ്ട് 100 കി മി റോഡുകളുടെ പുനരുദ്ധാരണം, പദ്ധതി പ്രദേശത്ത് മൊത്തം വെള്ളവും വൈദ്യതിയും എത്തിക്കല്‍, ഇവയെല്ലാം കൂടി 250 -300 കോടി ചെലവ് വരും, ഇപ്പോള്‍ തന്നെ 4- 5 ചെറു ടൂറിസംപദ്ധതികള്‍ നിലവില്‍ ഉണ്ട്. ഇവയെല്ലാം ചേര്‍ത്ത് ഒരു മാസ്റര്‍ പ്ലാന്‍ തയ്യാറാക്കണം , ഇത്തരം ഒന്ന് തയ്യാറായാല്‍ പ്രത്യേക നിക്ഷേപ പദ്ധതിയുടെ ഭാഗമായുള്ള മാന്ദ്യ വിരുദ്ധ പാക്കേജില്‍ നിന്നും പണം കണ്ടെത്താന്‍ ബുദ്ധിമുട്ട് ഉണ്ടാവില്ല. ഇത്തരം ഇരുപത് ടൂറിസം പദ്ധതികള്‍ക്ക് പശ്ചാത്തല സൌകാര്യം ഒരുക്കും എന്നാണല്ലോ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നത് .

വെബ്ദുനിയ വായിക്കുക