കൊലക്കേസ് കുറ്റപത്രം വൈകിച്ചു; സി ഐയ്ക്ക് സസ്പെന്‍ഷന്‍

വ്യാഴം, 12 ജനുവരി 2017 (13:59 IST)
കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിനു വൈകിയതിന്‍റെ പേരില്‍ സി.ഐ ക്ക് സസ്പെന്‍ഷന്‍ ലഭിച്ചു. യുവാവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പ്രതികളായ നാലു പേര്‍ക്ക് ജാമ്യം ലഭിച്ചു എന്ന കുറ്റം ചുമത്തിയാണ് പേട്ട സി.ഐ എസ്.വൈ.സുരേഷിനെ സസ്പെന്‍ഡ് ചെയ്തത്. 
 
കഴിഞ്ഞ ഒക്ടോബര്‍ ഏഴാം തീയതി രാത്രി പുത്തന്‍പാലം കോളനിയില്‍ വിഷ്ണു എന്ന 19 കാരനെ മാതാവിന്‍റെ മുന്നിലിട്ട് ഗുണ്ടാ സംഘം വെട്ടിയും കുത്തിയും കൊലപ്പെടുത്തി. മാതാവിനെയും ബന്ധുവായ സ്ത്രീയേയും ഇവര്‍ വെട്ടിപരിക്കേല്‍പ്പിച്ചിരുന്നു.
 
തലസ്ഥാന നഗരിയിലെ കുപ്രസിദ്ധരായ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ഇതിനു കാരണം.  ഈ കേസില്‍ സി.ഐ കുറ്റപത്രം സമര്‍പ്പിക്കാന്‍ അലം‍ഭാവം കാണിച്ചു എന്ന് ഐ.ജി. മനോജ് എബ്രഹാമാണ് കണ്ടെത്തിയിരിക്കുന്നത്. സി.ഐ സുരേഷിനെ സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് പൂന്തുറ സി.ഐ മനോജ് കുമാറിനു പേട്ട സി.ഐ യുടെ ചുമതല നല്‍കിയിട്ടുണ്ടെന്ന് അധികാരികള്‍ വെളിപ്പെടുത്തി.  

വെബ്ദുനിയ വായിക്കുക