സംസ്ഥാനത്ത് അന്ധവിശ്വാസങ്ങള്‍ക്കും തട്ടിപ്പുകള്‍ക്കുമെതിരേ നിയമനിര്‍മാണം വേണമെന്ന് വനിത കമ്മീഷന്‍. അന്ധവിശ്വാസങ്ങളുടെ പേരിലുള്ള തട്ടിപ്പുകളും കൊലപാതകങ്ങളും കൂടി വരുന്ന സാഹചര്യത്തിലാണ് വനിതാ കമ്മീഷന്റെ ഇടപെടല്‍. ഇത്തരം തട്ടിപ്പുകളില്‍ ഇരകളാകുന്നത് കൂടുതലും സ്ത്രീകളാണെന്നും കമ്മീഷന്‍ കണ്ടെത്തി. തുടര്‍ന്നാണ് നിയമനിര്‍മാണമെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപിക്കാന്‍ തീരുമാനിച്ചത്.
മഹാരാഷ്ട്രയില്‍ മന്ത്രവാദത്തിനെതിരെ നിയമം നിലവിലുണ്ട്. മഹാരാഷ്ട്ര മാതൃകയില്‍ കേരളത്തിലും നിയമം കൊണ്ടുവരണമെന്ന ശുപാര്‍ശയാണ് കമ്മിഷന്‍ കൈമാറുക. നിയമത്തിന്റെ അഭാവത്തില്‍ ഇത്തരം കേസുകള്‍ പെരുകുന്നു. കേരളം പോലെ വിദ്യാഭ്യാസത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു സംസ്ഥാനത്ത് ഇത്തരം മന്ത്രവാദക്കേസുകള്‍ കൂടുന്ന സാഹചര്യം വളരെ ഗൗരവമായി കാണണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്.
മഹാരാഷ്ട്രയില്‍ മന്ത്രവാദം, നരബലി, ആഭിചാരക്രിയകള്‍ തുടങ്ങിയവയാണ് നിയമപ്രകാരം തടഞ്ഞത്. ബാധ ഒഴിപ്പിക്കാനെന്ന പേരിലുള്ള ശാരീരിക പീഡനം ഉള്‍പ്പെടെ കുറ്റകരമാകുന്ന 12 വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. ഇത്തരം കേസുകളില്‍ അറസ്റ്റിലായാല്‍ ജാമ്യം ലഭിക്കില്ല. മന്ത്രവാദത്തിനിടെ മരണം സംഭവിച്ചിട്ടില്ലെങ്കില്‍ പോലും ആറുമാസം മുതല്‍ ഏഴ് വര്‍ഷം വരെ തടവും 5000 രൂപ മുതല്‍ 50000 രൂപ വരെ പിഴയും ലഭിക്കത്തക്ക വകുപ്പുകള്‍ ഈ നിയമത്തിലുണ്ട്‍.