സുരേന്ദ്രാ നീ മറക്കേണ്ട, നിനക്കും വരും ഇതുപോലെ ഒരു കാലം; താങ്കളായിരിക്കും കണ്ണൂരിലെ അടുത്ത ജയകൃഷ്ണന്‍ മാസ്റ്റര്‍: കെ സുരേന്ദ്രന് വധഭീഷണി

Webdunia
ബുധന്‍, 13 ജൂലൈ 2016 (15:37 IST)
ബി ജെ പി നേതാവ് കെ സുരേന്ദ്രന് സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റായ ഫേസ്‌ബുക്കില്‍ വധഭീഷണി. കൊലപാതക രാഷ്ട്രീയത്തിന് ചുക്കാന്‍ പിടിക്കുന്ന വ്യക്തിയെന്നാണ് സുരേന്ദ്രനെ പോസ്റ്റില്‍ വിശേഷിപ്പിക്കുന്നത്. കൂടാതെ കണ്ണൂരിലെ അടുത്ത ജയകൃഷ്ണന്‍ എന്ന് വിശേഷിപ്പിച്ചാണ് കെ സുരേന്ദ്രന്റെ ചിത്രങ്ങള്‍ സഹിതം ഫേസ്‌ബുക്കില്‍ പ്രചരിപ്പിക്കപ്പെടുന്നത്.  
 
സി പി എം സൈബര്‍ പോരാളികള്‍ എന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. 1990 മുതല്‍ കൊല്ലപ്പെടുന്ന കാലം വരെ കണ്ണൂരില്‍ ആര്‍ എസ് എസുകാര്‍ നടത്തിയ എല്ലാ കൊലപാതകള്‍ക്കും പകല്‍മാന്യന്‍ ചമഞ്ഞ് സൗകര്യം ചെയ്തുകൊടുത്ത കെ ടി ജയകൃഷ്ണനെ കൊന്നത് പോലെ സുരേന്ദ്രനെയും ഇല്ലാതാക്കും എന്നാണ് ഭീഷണി.
 
1999 ഡിസംബര്‍ ഒന്നിനാണ് യുമോര്‍ച്ച നേതാവായ കെ ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ കൊല്ലപ്പെട്ടത്. സ്‌കൂളിലെ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികളുടെ മുന്നില്‍ വെച്ചാണ് ജയകൃഷ്ണന്‍ മാസ്റ്ററെ അക്രമികള്‍ കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ സി പി എം പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. 
 
ബി ജെ പിയുടെ കേരളത്തിലെ പ്രമുഖ നേതാക്കളില്‍ ഒരാളാണ് കെ സുരേന്ദ്രന്‍. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ വെറും 89 വോട്ടുകള്‍ക്കാണ് മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍ തോറ്റത്. സുരേന്ദ്രാ നീ മറക്കണ്ട, നിനക്കും വരും ഇതുപോലെ ഒരു കാലം. കണ്ണൂര്‍ സഖാക്കളേ... കാത്തിരിക്കുന്നു ഞങ്ങള്‍ ഒരു ശുഭവാര്‍ത്തയ്ക്കായ് എന്ന് പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article