Bharat Bandh 2024: നാളെ (ഓഗസ്റ്റ് 21, ബുധന്‍) രാജ്യത്ത് ഭാരത് ബന്ദിനു ആഹ്വാനം ചെയ്തിട്ടുണ്ട്. സംവരണ ബച്ചാവോ സംഘര്‍ഷ് സമിതിയാണ് ഭാരത് ബന്ദിനു ആഹ്വാനം ചെയ്തിരിക്കുന്നത്. എസ്.സി - എസ്.ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിനു സംസ്ഥാനങ്ങള്‍ക്കു തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഭാരത് ബന്ദ്.
രാജസ്ഥാനിലെ എസ്.സി - എസ്.ടി സംഘടനകളാണ് പ്രധാനമായും ഈ പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കുക. വിവിധ സാമൂഹ്യ, രാഷ്ട്രീയ സംഘടനകളും ഭാരത് ബന്ദിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ഉത്തരേന്ത്യയിലെ പല ഭാഗങ്ങളിലും ഭാരത് ബന്ദ് ജനജീവിതം പൂര്‍ണമായി സ്തംഭിപ്പിക്കും. നാളെ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഭാരത് ബന്ദിനു ആഹ്വാനം ചെയ്തിരിക്കുന്നത്.
കേരളത്തിലും നാളെ ഹര്‍ത്താലിനു സമാനമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ വിവിധ ആദിവാസി-ദളിത് സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, മല അരയ സംരക്ഷണസമിതി, എംസിഎഫ്, വിടുതലൈ ചിരിതൈഗള്‍ കച്ഛി, ദളിത് സാംസ്‌കാരിക സഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാനസഭ എന്നീ സംഘടനകളാണ് കേരളത്തില്‍ ഭാരത് ബന്ദിനു നേതൃത്വം നല്‍കുന്നത്.
അതേസമയം കേരളത്തില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുമെങ്കിലും പൊതുഗതാഗതം തടസപ്പെടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിക്കും. കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളെയോ ബാങ്കുകളെയോ ഭാരത് ബന്ദ് തടസപ്പെടുത്തില്ല. ആശുപത്രി സേവനങ്ങള്‍, ആംബുലന്‍സ്, പാല്‍, പത്രം തുടങ്ങിയ അടിയന്തര സേവനങ്ങളെ ഭാരത് ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.