മദ്യം വാങ്ങാൻ ഓൺലൈൻ പേയ്‌മെന്റ്, പുതിയ സംവിധാനവുമായി ബെവ്‌കോ

തിങ്കള്‍, 12 ജൂലൈ 2021 (10:57 IST)
ബെവ്‌കോയുടെ മദ്യവിൽപനശാലകളിൽ നിന്നും മദ്യം ഓൺലൈൻ വാങ്ങുന്നതിന് ഓൺലൈൻ പേയ്‌മെന്റ് സംവിധാനം ഒരുങ്ങുന്നു. ബെവ്‌കോ ഔട്ട്‌ലറ്റുകൾക്ക് മുൻപിലുള്ള തിരക്കിനെയും നീണ്ട നിരയേയും ഹൈക്കോടതി നിശിതമായി വിമർശിച്ച പശ്ചാത്തലത്തിലാണ് ‌ബെവ്കോ പുതിയ സംവിധാനം ഒരുക്കുന്നത്.
 
ബെവ്കോ വെബ് സൈറ്റിൽ ഇഷ്ട ബ്രാന്‍ഡ് തെരഞ്ഞെടുത്ത് ഓണ്‍ലൈന്‍ പേയ്മെന്‍റ് നടത്തി മദ്യം വാങ്ങാനാണ് സൗകര്യമൊരുക്കുക. വെബ്‌സൈറ്റിൽ ഇഷ്ടബ്രാൻഡ് തിരെഞ്ഞെടുത്ത് പണമടക്കാൻ സംവിധാനമുണ്ടാകും. നെറ്റ് ബാങ്കിംഗ്, പേയ്മെന്‍റ് ആപ്പുകള്‍, കാര്‍ഡുകള്‍ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് പണമടയ്ക്കാം. 
 
മൊബൈല്‍ ഫോണില്‍ എസ്എംഎസ് ആയി രസീത് ലഭിക്കും. ഓൺലൈൻ പേയ്‌മെന്റ് നടത്തിയവർക്ക് പ്രത്യേക കൗണ്ടറുണ്ടാകും. രസീത് ഇവിടെ കാണിച്ച് മദ്യം വാങ്ങാം. ഇതിനായി ബെവ്‌കോയുടെ വെബ്‌സൈറ്റ് പരിഷ്കരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 
 
ആദ്യ ഘട്ടത്തില്‍ തിരുവനന്തപുരത്തടക്കമുള്ള 9 ഔട്ട്ലെറ്റുകളില്‍ ഇത് സംബന്ധിച്ച പരീക്ഷണം നടത്തും. ഇത് വിജയമായാല്‍ ഓണക്കാലത്ത് തന്നെ സംവിധാനം നിലവിൽ വരും. പുതിയ സംവിധാനം വരുന്നതോടെ വില്‍പ്പനശാലകളില്‍ മദ്യം തെരഞ്ഞെടുക്കാനുള്ള സമയവും വരിയുടെ നീളവും കുറയുമെന്നാണ് വിലയിരുത്തല്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍