സിപിഎം ഔദ്യോഗിക നേതൃത്വത്തിനെ വെല്ലുവിളിച്ച് ബേഡകത്ത് വിമതര്‍ പി രാമകൃഷ്ണപിള്ള അനുസ്മരനം നടത്തി. സമാന്തര അനുസ്മരണം നടത്തിയാല്‍ അച്ചടക്ക നടപടിയുണ്ടാകുമെന്ന് ജില്ലാ നേതൃത്വം മുന്നറിയിപ്പ് നല്‍കിയിട്ടും വിമതര്‍ അത് അവഗണിക്കുകയായിരുന്നു.
തുടര്‍ന്ന് സിപിഎം ബേഡകം ഏരിയാ കമ്മിറ്റിക്കു കീഴിലെ ഔദ്യോഗിക നേതൃത്വവും വിമത വിഭാഗവും ചേരിതിരിഞ്ഞ് കുറ്റിക്കോലില്‍ പി കൃഷ്ണപിള്ള അനുസ്മരണവും പ്രകടനവും സംഘടിപ്പിച്ചു. ഇരു പക്ഷവും പരാമാവധി ആളുകളെ കൂടെക്കൂട്ടാന്‍ പരിശ്രമിച്ചിരുന്നു. നാനൂറോളം ആളുകളെ പങ്കെടുപ്പിച്ചായിരുന്നു വിമത വിഭാഗം പരിപാടി സംഘടിപ്പിച്ചത്.
രാവിലെ 6.30ന് അറുത്തൂട്ടിപാറ ജംക്ഷനില്‍ നിന്ന് കുറ്റിക്കോല്‍ ടൌണിലേക്കാണ് വിമതവിഭാഗം പ്രകടനം സംഘടിപ്പിച്ചത്. അച്ചടക്കം ലഘിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ കുറ്റിക്കോല്‍ മുന്‍ പഞ്ചായത്ത് അംഗം സജു അഗസ്റ്റിന്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു.
വിമതവിഭാഗത്തിന്റെ ശക്തികേന്ദ്രമായ കുറ്റിക്കോല്‍, ബന്തടുക്ക, പടുപ്പ് പ്രദേശങ്ങളില്‍ നിന്ന് പ്രകടനത്തിലും സമ്മേളനത്തിലും നിരവധി ആളുകള്‍ പങ്കെടുത്തു. ജില്ലാ കമ്മിറ്റി അംഗം പി. ദിവാകരന്‍, കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ഗോപാലന്‍, ബേഡകം ഏരിയാകമ്മിറ്റി അംഗം ജി. രാജേഷ് ബാബു, പടുപ്പ് മുന്‍ ലോക്കല്‍ സെക്രട്ടറി ഇ.കെ. രാധാകൃഷ്ണന്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.
തുടര്‍ന്ന് ഒൌദ്യോഗിക വിഭാഗം സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവും മുന്‍ എംഎല്‍എയുമായ പി. രാഘവന്‍ പതാക ഉയര്‍ത്തി. ബേഡകം ഏരിയാ കമ്മിറ്റി സെക്രട്ടറി സി. ബാലന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു. സിപിഎം ജില്ലാകമ്മിറ്റിയുടെ കടുത്ത എതിര്‍പ്പുകള്‍ വകവയ്ക്കാതെയാണ് വിമതവിഭാഗം പ്രത്യേക അനുസ്മരണ സമ്മേളനവും പ്രകടനവും സംഘടിപ്പിച്ചത്.