ബാബു വാങ്ങിയതിന്റെ ഒരു ഭാഗം പുതുപ്പള്ളിയിലേക്കും പോയിട്ടുണ്ട്: വിഎസ്
തിങ്കള്‍, 30 നവംബര്‍ 2015 (13:43 IST)
ബാര്‍ കോഴയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരോക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദൻ രംഗത്ത്. കെഎം മാണി ഒരു കോടി രൂപയാണ് കോഴയായി കൈപ്പറ്റിയതെങ്കിൽ എക്സൈസ് മന്ത്രി കെ.ബാബു വാങ്ങിയത് പത്തുകോടിയാണ്. ഇതിന്റെ ഒരു ഭാഗം പുതുപ്പള്ളിയിലേക്ക് പോയിട്ടുണ്ടെന്നും വിഎസ് ആരോപിച്ചു.
ബാറുടമകളില്‍ നിന്ന് കണക്കു പറഞ്ഞ് പണം വാങ്ങിയ ബാബുവിനും ഉടന്‍ പുറത്ത് പേകേണ്ടിവരും. വിഷയത്തില്‍ നഗ്നമായ അഴിമതിയാണ് നടന്നത്. ബാര്‍ മുതലാളിമാരില്‍ നിന്ന് കണക്ക് പറഞ്ഞാണ് ഇവര്‍ പണം വാങ്ങിയത്. മാണിയുടെ കാര്യത്തിലെന്നതുപോലെ ബാബുവിനെതിരായ സമരത്തിനും ജനങ്ങളുടെ പിന്തുണ ലഭിക്കട്ടെയെന്നും വിഎസ് പറഞ്ഞു.
ബാബുവിന്റെ ഓഫിസിലുള്ള അജയഘോഷ്, നെടുമങ്ങാടി ബാങ്കിലൂടെ കോടികൾ വെട്ടിച്ചു. ബാർ കേസ് ശരിക്കും നടന്നാൽ മുഖ്യമന്ത്രിയും കുടുങ്ങുമെന്നും വിഎസ് സഭയിൽ പറഞ്ഞു. ബാർ കോഴക്കേസിൽ മന്ത്രി ബാബു രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ നിയമസഭാമാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.