ബാര്‍ കോഴ കേസ്: ഇന്ന് ജോര്‍ജിന്റെ മൊഴിയെടുക്കും

വ്യാഴം, 14 മെയ് 2015 (09:30 IST)
കേരളാ കോണ്‍ഗ്രസ് (എം) നേതാവും ധനമന്ത്രിയുമായ കെഎം മാണിക്കെതിരായ ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജിന്റെ മൊഴി വിജിലന്‍സ് ഇന്നു രേഖപ്പെടുത്തും. വിജിലൻസ് എസ്‌പി ആർ സുകേശനാണ് മൊഴി  രേഖപ്പെടുത്തുന്നത്.

ചീഫ് വിപ്പ് സ്ഥാനത്തുനിന്നു മാറ്റിയ ശേഷം വിശദമായ മൊഴി രേഖപ്പെടുത്താന്‍ അവസരം നല്‍കണമെന്നാവശ്യപ്പെട്ട് ജോര്‍ജ് വിജിലന്‍സ് ഡയറക്ടര്‍ക്കു  കത്തു നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണു വിജിലന്‍സ് മൊഴി രേഖപ്പെടുത്തുന്നത്. ത്വരിത അന്വേഷണ ഘട്ടത്തില്‍ ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

അതേസമയം,  ബാര്‍ ഓണേഴ്‌സ് വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശിന്റെ ഡ്രൈവർ അമ്പിളിയെ തിങ്കളാഴ്‌ച നുണ പരിശോധനയ്‌ക്കു വിധേയനാക്കുമെന്നു റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്‌ഥനും ഫോറൻസിക് ലാബ് ഡയറക്‌ടറും ചർച്ച ചെയ്‌താകും തീയതി തീരുമാനിക്കുക. നുണപരിശോധന നടത്താന്‍ ഫോറന്‍സിക്  ലാബ്  ഡയറക്ടറെ വിജിലന്‍സ് സൗകര്യം അറിയിച്ചിട്ടുണ്ട്.

മാണിക്ക് ഒരു കോടി രൂപ കോഴ നൽകിയതിൽ അവസാന ഗഡുവായ 35 ലക്ഷം മന്ത്രിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ കൈമാറുന്നതിനു താൻ ദൃക്‌സാക്ഷിയാണെന്നാണ് അമ്പിളിയുടെ മൊഴി. ഇതിന്റെ വിശ്വാസ്യത അറിയാനാണു നുണ പരിശോധന.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക