പി സി ജോര്‍ജ്ജിന്‍റെ കാര്യത്തില്‍ തീരുമാനം തിങ്കളാഴ്ച: ഉമ്മന്‍ചാണ്ടി
വ്യാഴം, 2 ഏപ്രില്‍ 2015 (17:36 IST)
പിസി ജോര്‍ജ്ജിന്‍റെ കാര്യത്തില്‍ തിങ്കളാഴ്ച തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒരു ഘടകകക്ഷി അവരുടെ പാര്‍ട്ടിയിലെ ഒരംഗത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കത്ത് നല്‍കിയ സാഹചര്യത്തില്‍ അതില്‍ നടപടി വൈകരുതെന്ന് യു ഡി എഫ് ഉള്‍ക്കൊള്ളുന്നു എന്നും തിങ്കളാഴ്ച തന്നെ തീരുമാനം ഉണ്ടാകുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
യു ഡി എഫിന്‍റെ മദ്യനയം സംബന്ധിച്ച് ഉയര്‍ന്ന എല്ലാ ആരോപണങ്ങള്‍ക്കും എതിര്‍വാദങ്ങള്‍ക്കും ഹൈക്കോടതി വിധിയോടെ അവസാനമായിരിക്കുകയാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സര്‍ക്കാരിന്‍റെ മദ്യനയത്തെ ഇപ്പോള്‍ കോടതി അംഗീകരിച്ചിരിക്കുകയാണ്. തിരക്കുകള്‍ക്കിടയിലും ഈ കേസില്‍ ഹാജരായ കപിഉല്‍ സിബലിനെയും ഉപദേശങ്ങള്‍ നല്‍കിയ അഡ്വക്കറ്റ് ജനറലിനെയും അനുമോദിക്കുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
ബാര്‍ കോഴക്കേസില്‍ രണ്ടു നീതി ഉണ്ടായിട്ടില്ല. യു ഡി എഫ് ഒറ്റക്കെട്ടായി മാണിസാറിനൊപ്പം നില്‍ക്കുകയാണ്. അഞ്ചുമാസം അന്വേഷിച്ചിട്ടും മാണിക്കെതിരെ ഒരു തെളിവും നല്‍കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. മാണിസാറിനെതിരെ കേസെടുക്കേണ്ട ആവശ്യമില്ലായിരുന്നു എന്ന് ഒരു വിഭാഗത്തിന് അഭിപ്രായമുണ്ട്. എന്നാല്‍ അന്വേഷണത്തിന് ഒരു സംഘത്തെ ഏല്‍പ്പിച്ചുകഴിഞ്ഞാല്‍ അതില്‍ ഇടപെടുന്ന പ്രശ്നമില്ല. അതില്‍ രാഷ്ട്രീയമൊന്നുമില്ല - ഉമ്മന്‍ചാണ്ടി വ്യക്തമക്കി.
ബിജു രമേശ് തുടര്‍ച്ചയായി ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരായ ആരോപണങ്ങള്‍ ആദ്യം ഉന്നയിക്കാതിരുന്നത്? ആരോപണങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പുവരെ ഉന്നയിക്കാനാണ് പരിപാടിയെന്നാണ് അറിയുന്നത്. ഈ രാഷ്ട്രീയതന്ത്രം യു ഡി എഫ് ഒറ്റക്കെട്ടായി നേരിടും.
നാഥനില്ലാത്ത ഇത്തരം ആരോപണങ്ങളുടെ പിറകെ പോകേണ്ട ഗതികേടിലാണ് ഇപ്പോള്‍ സി പി എം. സോളാര്‍ കേസിലും നാഷണല്‍ ഗെയിംസിലുമൊക്കെ ഒടുവില്‍ എന്താണ് സംഭവിച്ചത്? എന്തെങ്കിലും തെളിവുനല്‍കാന്‍ ആര്‍ക്കെങ്കിലും കഴിഞ്ഞോ? - ഉമ്മന്‍ചാണ്ടി ചോദിച്ചു.
മദ്യനയവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനുവേണ്ടി അഡ്വക്കറ്റ് ജനറല്‍ ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് നടത്തിയത്. അത്രയും മാതൃകാപരമായി പ്രവര്‍ത്തിച്ച എജിക്കെതിരെ ടി എന്‍ പ്രതാപന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ഏറ്റവും വലിയ തെറ്റാണ്. പ്രതാപനോട് ഇക്കാര്യത്തില്‍ വിശദീകരണം തേടും. ഇത്തരത്തിലുള്ള നടപടി വച്ചുപൊറുപ്പിക്കില്ല - താക്കീതിന്‍റെ സ്വരത്തില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.