ബാബുവിനെ പിന്നാലെ മാണിയും കൂടുതല്‍ കുരുക്കിലേക്ക്; വിജിലന്‍‌സ് നീക്കത്തില്‍ പകച്ച് കേരളാ കോണ്‍ഗ്രസ് (എം)

ബുധന്‍, 28 സെപ്‌റ്റംബര്‍ 2016 (13:50 IST)
ബാര്‍കോഴ കേസില്‍ കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും മുന്‍ ധനമന്ത്രിയുമായ കെഎം മാണിക്കെതിരെ കൂടുതൽ തെളിവുകള്‍ പുറത്തുവരാന്‍ കളമൊരുങ്ങുന്നു. മാണിക്കെതിരേ കൂടുതൽ തെളിവുകൾ നൽകാൻ രണ്ടു സാക്ഷികൾ രംഗത്തുവന്നിട്ടുണ്ടെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു.  

മാണിക്കെതിരെ രണ്ട്​ സാക്ഷികൾ കൂടുതൽ തെളിവുകളുമായി എത്തിയിട്ടുണ്ടെന്ന് വിജിലൻസ്​ ഹൈകോടതിയെ അറിയിച്ചു.  സാക്ഷി മൊഴികളുടെ അടിസ്ഥാനത്തില്‍ കേസിൽ തുടരന്വേഷണം നടത്തണമെന്നും വിജിലന്‍സ് സത്യവാങ്​മൂലത്തിൽ അറിയിച്ചു.

അന്വേഷണ ഉദ്യോഗസ്‌ഥനായ നജിമുൾ ഹസനാണ് വിജിലൻസിന്റെ സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിച്ചത്. കേസ് ഒക്ടോബർ ആറിന് കോടതി വീണ്ടും പരിഗണിക്കും. കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിൽ നിന്നായി നിരവധി രേഖകൾ വിജിലൻസ് പിടിച്ചെടുത്തിട്ടുണ്ട്.

അന്തിമ റിപ്പോർട്ട്​ സമർപ്പിക്കാത്തതിനാൽ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിടാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അധികാരമുണ്ടെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. പുതിയ സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ മാണിക്കെതിരെ സമഗ്രമായ അന്വേഷണം അനിവാര്യമാണെന്നും സർക്കാർ സത്യവാങ്​മൂലത്തിൽ അറിയിച്ചു.

ബാർ കോഴക്കേസ് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന കാരണത്തിന്മേൽ മുൻ വിജിലൻസ് ഡയറക്ടർ എൻ ശങ്കർ റെഡ്ഡി, അന്വേഷണ ഉദ്യോഗസ്‌ഥനായിരുന്ന എസ്പി ആർ സുകേശൻ എന്നിവർക്കെതിരേ കോടതി അനുമതിയോടെ അന്വേഷണം നടക്കുന്ന കാര്യവും വിജിലൻസ് സത്യവാങ് മൂലത്തിൽ വ്യക്‌തമാക്കി.

വെബ്ദുനിയ വായിക്കുക