സര്‍ക്കാരിന്റെ പുതുക്കിയ മദ്യ നയപ്രകാരം അടച്ചുപൂട്ടിയ ബാറുകള്‍ ഇന്നുമുതല്‍ ബിയര്‍ പാര്‍ലറുകളായി മാറും. 418 ബാറുകളില്‍ 200 എണ്ണത്തിനും ഇന്ന് ലൈസന്‍സ് കിട്ടുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. പൂട്ടിയ 150 ഓളം ബാറുകള്‍ക്ക് നേരത്തെ ബിയര്‍ വൈന്‍ പാര്‍ലര്‍ ലൈസന്‍സ് കിട്ടിയിരുന്നു. അതേ സമയം പാര്‍ലര്‍ നല്‍കാനായി തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം സര്‍ക്കാര്‍ എടുത്തുമാറ്റി.
നിലവിലെ മാനദണ്ഡങ്ങള്‍ മറികടക്കാന്‍ ചട്ടഭേദഗതി നടത്തിയിരുന്നു. പുതിയ മദ്യശാലകള്‍ക്ക് എന്‍ഒസി നല്‍കരുതെന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കെപിസിസി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്തതൊടെ ഇനി സര്‍ക്കാരിന് നേരിട്ട് അനുമതി നല്‍കാന്‍ സാധിക്കും. ഇതിനെതിരെ കോണ്‍ഗ്രസിലെ പോരും മുറുകി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ടി എന്‍ പ്രതാപന്‍ എം എല്‍ എ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരിക്കുകയാണ്.
അതേ സമയം പൂട്ടിയ എല്ലാ ബാറുകളും പാര്‍ലറുകള്‍ തുറക്കുമെന്നാണ് എക്സൈസ് കണക്കു കൂട്ടല്‍. നിലവില്‍ 113 ബിയര്‍ പാര്‍ലറുകളുണ്ട്. നിലവിലെ മദ്യ നയം അനുസരിച്ച് 676 ബാറുകള്‍ക്കു കൂടി പാര്‍ലറുകള്‍ക്ക് അര്‍ഹതയുമുണ്ട്. അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ സ്റ്റോക്കെടുത്ത് പ്രവര്‍ത്തനം തുടങ്ങാനാണ് ബാറുടമകള്‍ ശ്രമിക്കുന്നത്. ശുചിത്വം പാലിക്കണമെന്നും എല്ലാ തൊഴിലാളികള്‍ക്കും തൊഴിലു നല്‍കണമെന്ന വ്യവസ്ഥയിലുമാണ് ലൈസന്‍സ് അനുവദിക്കുന്നത്.