ബാര്‍കോഴ കേസ്: മാണിക്ക് വേണ്ടി പണം ചെലവഴിച്ചത് ചട്ടവിരുദ്ധം; അഭിഭാഷകരെ കൊണ്ടുവന്നത് ഖജനാവിലെ പണം ചെലവഴിച്ചെന്നും മന്ത്രിസഭ ഉപസമിതി

ബുധന്‍, 20 ജൂലൈ 2016 (14:56 IST)
കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ ചട്ടവിരുദ്ധമായി കെ എം മാണിക്ക് വേണ്ടി ബാര്‍കോഴ കേസില്‍ പണം ചെലവഴിച്ചെന്ന് മന്ത്രിസഭ ഉപസമിതി. അഭിഭാഷകരെ പുറത്തുനിന്ന് കൊണ്ടുവന്നത് ഖജനാവിലെ പണം ചെലവഴിച്ചാണ്. ഇതിന് മന്ത്രിസഭ അനുമതി നല്കിയത് ചട്ടം ലംഘിച്ചാണെന്നുമാണ് കണ്ടെത്തല്‍.
 
അതേസമയം, ആഭ്യന്തരവകുപ്പിന്റെയും നിയമവകുപ്പിന്റെയും എതിര്‍പ്പ് മറികടന്നാണ് പണം അനുവദിച്ചതെന്നും സമിതി കണ്ടെത്തിയിട്ടുണ്ട്. യു ഡി എഫ് സര്‍ക്കാരിന്റെ അവസാനകാലത്തെ വിവാദ ഉത്തരവുകള്‍ പുന:പരിശോധിക്കാനാണ് മന്ത്രിസഭ ഉപസമിതി രൂപവത്കരിച്ചത്.
 
ജനുവരി ഒന്നുമുതല്‍ യു ഡി എഫ് സര്‍ക്കാര്‍ കൈക്കൊണ്ട വിവാദ തീരുമാനങ്ങളില്‍ നിയമവിരുദ്ധമായവ പുന:പരിശോധിക്കാന്‍ പുതിയ മന്ത്രിസഭയുടെ ആദ്യയോഗത്തില്‍ തീരുമാനം എടുത്തിരുന്നു. യു ഡി എഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് കോളജുകള്‍ അനുവദിച്ചതിലും പ്രത്യേക പരിഗണനയര്‍ഹിക്കുന്ന കുട്ടികള്‍ക്കായുള്ള ബഡ്‌സ് സ്കൂളുകള്‍ ഉള്‍പ്പെടെ എയ്‌ഡഡ് പദവി നല്കിയതിലും നിയമവിരുദ്ധ ഇടപെടലുണ്ടായെന്നും മന്ത്രിസഭ ഉപസമിതി നേരത്തെ കണ്ടെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക