'ഒഴുകി വരുന്ന ജലത്തില്‍ നിന്ന് കറന്റ്'; അതിരപ്പിള്ളി പദ്ധതി നടപ്പിലാക്കാന്‍ സിപിഎം

തിങ്കള്‍, 20 ഫെബ്രുവരി 2017 (08:21 IST)
വിവാദമാ‍യ അതിരപ്പിള്ളി പദ്ധതി ഇത്തവണ തന്നെ നടപ്പിലാക്കിയെടുക്കുമെന്ന ഉറച്ച തീരുമാനവുമായി സിപിഎം. സംസ്ഥാന സര്‍ക്കാര്‍ ഭരണ തലത്തിലുള്ള കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടു പോകുമ്പോള്‍ പദ്ധതിക്കെതിരെ നിലപാടെടുത്ത സിപിഐയെ മെരുക്കിയെടുക്കുന്നതിനുള്ള ശ്രമം സിപിഎം നടത്തിയേക്കുമെന്നാണ് പ്രാഥമിക ധാരണ. 
 
സംസ്ഥാനത്ത് ഊര്‍ജ്ജ പ്രതിസന്ധി വര്‍ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ പദ്ധതിക്കു വേണ്ടിയുള്ള പ്രചരണം ഊര്‍ജ്ജിതമാക്കാനും ധാരണയായിട്ടുണ്ട്. പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കൂടിയാലോചനകള്‍ നടത്തുന്നതിനു വേണ്ടി ഒരു അനൗദ്യോഗിക സമിതി രൂപീകരിക്കാനും ധാരണയായി. മന്ത്രിമാരായ എ കെ ബാലന്‍, എംഎം മണി, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ അടങ്ങുന്നതായിരിക്കും സമിതി.  
 
പരിസ്ഥിതിക്കു കോട്ടം തട്ടില്ലെന്ന വാദം മുന്നോട്ട് വെച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക. എന്നിട്ടും പ്രക്ഷോഭങ്ങള്‍ ഉയരുകയാണെങ്കില്‍ ഭേദഗതികള്‍ മുന്നോട്ട് വെച്ച് പദ്ധതി നടപ്പിലാക്കാനും സാധ്യതയുണ്ട്. സിപിഐ സംസ്ഥാന സെക്രട്ടറിയേയും മറ്റും നേരില്‍ തന്നെ കണ്ട് പദ്ധതിക്കെതിരെയുള്ള നിലപാടില്‍ നിന്ന് പിന്‍മാറണമെന്ന് സിപിഎം സംഘം ആവശ്യപ്പെട്ടേക്കുമെന്നും സൂചനയുണ്ട്.

വെബ്ദുനിയ വായിക്കുക