തൃശൂരിൽ ബാങ്കിൽ ആക്രമണം നടത്തിയത് ഓൺലൈൻ റമ്മിയിൽ 75 ലക്ഷം കടം വരുത്തിയ വ്യക്തി, ആക്രമണം കടം വീട്ടാൻ

ഞായര്‍, 18 ജൂണ്‍ 2023 (13:52 IST)
തൃശൂർ: അത്താണിയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ പെട്രോളൊഴിച്ച്  അക്രമം നടത്തിയത് കടം തീർക്കാനുള്ള പണം ലഭിക്കാനാണെന്ന് സർക്കാർ ജീവനക്കാരന്റെ മൊഴി. ഓൺലൈൻ റമ്മി കളിച്ചത് വഴി തനിക്ക് 50 ലക്ഷം രൂപയോളം ബാധ്യതവന്നുവെന്നും ആകെയുള്ള 75 ലക്ഷം കടബാധ്യത ഒഴിവാക്കാനായാണ് ബാങ്കിൽ ആക്രമണം നടത്തിയതെന്നുമാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്.
 
വില്ലേജ് അസിസ്റ്റന്റായ പുതുരുത്തി ചിരിയങ്കണ്ടത്ത് വീട്ടിൽ ലിജോ (37) യാണ് കഴിഞ്ഞ ദിവസം അത്താണിയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ പെട്രോളൊഴിച്ച് ഭീഷണിമുഴക്കിയത്. ബാങ്ക് ജീവനക്കാരെ ആക്രമിച്ച് പണം തട്ടാനാണ് താൻ ലക്ഷ്യമിട്ടതെന്ന് ഇയാൾ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു, പതിവായി ഓൺലൈൻ റമ്മി കളിച്ചിരുന്ന ലിജോയ്ക്ക്  50 ലക്ഷത്തോളം ബാധ്യതയാണ് ഗെയിം വഴി ഉണ്ടായത്. പലരിൽ നിന്നും ലക്ഷങ്ങൾ കടമായി വാങ്ങിയാണ് ഇയാൾ കളിച്ചിരുന്നത്. ഇത്തരത്തിൽ പലർക്കും ഇയാൾ ലക്ഷങ്ങൾ നൽകാനുണ്ട്. ഇത് കൂടാതെ വീടിന് 23 ലക്ഷം രൂപയുടെ വായ്പയുണ്ടെന്നും പ്രതി വെളിപ്പെടുത്തി.
 
ശനിയാഴ്ച വൈകീട്ടോടെയാണ് കന്നാസിൽ പെട്രോളുമായെത്തി ലിജോ ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്. കന്നാസിലെ പെട്രോൾ കാണിച്ച് ബാങ്ക് കൊള്ളയടിക്കാൻ വന്നതാണെന്നും 50 ലക്ഷം രൂപ വേണമെന്നും ലോക്കറിന്റെ ചാവി തരണമെന്നും ഇയാൾ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ സ്വയം പെട്രോൾ ദേഹത്തൊഴിച്ച് ആത്മഹത്യ ഭീഷണിയും മുഴക്കി. ബാങ്കിലെ ഉദ്യോഗസ്ഥരിലൊരാൾ പോലീസിനെ ഫോൺ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പ്രതി കന്നാസ് കസേരയിലേക്കിട്ട് ഓടുകയായിരുന്നു. ബാങ്ക് ജീവനക്കാർ ബഹളം വെച്ചതോടെ ഇയാളെ നാട്ടുകാർ പിറകേയോടി പിടികൂടുകയായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍