മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്തു; മദ്ധ്യവയസ്കന്‍ പിടിയില്‍

ചൊവ്വ, 16 ഓഗസ്റ്റ് 2016 (11:01 IST)
മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ 57 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍കാവ് കാച്ചാണി യമുന നഗറില്‍ വൈകുണ്ട്ഠം വീട്ടില്‍ കൃഷ്ണകുമാര്‍ എന്നയാളാണ് പൊലീസ് വലയിലായത്.
 
കൊട്ടാരക്കരയിലെ ചന്തമുക്കിലെ നെറ്റിയവിള ബാങ്കേഴ്സില്‍ മുക്കുപണ്ടം പണയം വച്ച് 45000 രൂപ തട്ടിയെടുത്ത കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലകളിലും ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതായി പൊലീസ് വെളിപ്പെടുത്തി. 
 
കുണ്ടറ, ചങ്ങനാശേരി എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ പണയം വച്ച് അര ലക്ഷം രൂപ വീതമാണ് ഇയാള്‍ തട്ടിയെടുത്തത്. പെട്ടന്ന് കണ്ടെത്താന്‍ കഴിയാത്ത രീതിയില്‍ പിത്തള ഉരുപ്പടികളില്‍ കനത്തില്‍ സ്വര്‍ണ്ണം പൂശിയാണ് ഇയാള്‍ പണ്ടങ്ങള്‍ തയ്യാറാക്കിയിരുന്നത്. ഇയാള്‍ക്ക് തിരുവനന്തപുരത്ത് ടൂറിസ്റ്റ് ഹോം ഉള്‍പ്പെടെയുള്ള സ്ഥാവര ജംഗമ വസ്തുക്കള്‍ ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. 
 
വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയ കേസില്‍ ഇയാള്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഡി.വൈ.എസ്.പി ബി.കൃഷ്ണ കുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ വലയിലാക്കിയത്. 

വെബ്ദുനിയ വായിക്കുക