അന്തരിച്ച മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിന്റെ നാളെ നടക്കുന്ന സംസ്കാര ചടങ്ങുകളിൽ കേരളത്തെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പങ്കെടുക്കും. കലാമിന്റെ ഇരുപത് വർഷത്തെ കർമഭൂമിയായ തിരുവനന്തപുരത്ത് അദ്ദേഹത്തിന്റെ മൃതദേഹം കൊണ്ടു വരണമെന്ന് ഉമ്മൻചാണ്ടി കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. എന്നാൽ ബന്ധുക്കളോട് ആലോചിച്ചതിനു ശേഷം വിവരം അറിയിക്കാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ഉമ്മൻ ചാണ്ടിയെ അറിയിച്ചു. നാളെയാണ് സംസ്കാരചടങ്ങുകൾ തീരുമാനിച്ചിട്ടുള്ളത്.
കേരളത്തിന്റെ ആദരാഞ്ജലി അർപ്പിക്കുന്നതിന് വേണ്ടിയാണിത്. ഈ ആവശ്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിലാണ്. കലാമിന്റെ സെക്രട്ടറി പ്രസാദുമായും മുഖ്യമന്ത്രി ബന്ധപ്പെട്ടിട്ടുണ്ട്.
ഇരുപതു കൊല്ലത്തിലേറെക്കാലം തിരുവനന്തപുരത്ത് താമസിച്ച് ഒരു സാധാരണക്കാരനായും മലയാളിയായും ഇവിടെ ജീവിച്ച വ്യക്തിയായിരുന്നു കലാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തിന്റെ വളർച്ച ആഗ്രഹിച്ച വ്യക്തിയായിരുന്നു അദ്ദേഹം. അവസാന നാളുവരെ കേരളത്തെ സ്നേഹിക്കുകയും കഴിവുകൾ വിനിയോഗിക്കുകയും കേരളത്തിന്റെ വളര്‍ച്ചയ്‌ക്ക് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കുകയും ചെയ്‌ത വ്യക്തിയായിരുന്നു അദ്ദേഹമെന്നും മുഖ്യമന്ത്രി പറഞ്ഞു.