വടക്കാഞ്ചേരിയില്‍ യുവതി പീഡനത്തിനിരയായ സംഭവത്തില്‍ ആരോപണവിധേയനായ നഗരസഭ കൌണ്‍സിലര്‍ പി എന്‍ ജയന്തനെതിരെ അനില്‍ അക്കര എം എല്‍ എ. നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടി സംസാരിക്കവെയാണ് അനില്‍ അക്കര ജയന്തനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. ജയന്തനും കൂട്ടരും ചേര്‍ന്ന് യുവതിയുടെ നഗ്നചിത്രം പ്രചരിപ്പിച്ചെന്നും അനില്‍ അക്കര പറഞ്ഞു.
പീഡനത്തിനിരയായ യുവതി നാട്ടില്‍ നില്‍ക്കാന്‍ കഴിയാത്ത സാഹചര്യം വന്നതിനെ തുടര്‍ന്ന് ഗള്‍ഫില്‍ പോയി. ഇത് അറിഞ്ഞ ജയന്തനും സുഹൃത്തുക്കളും അവരുടെ നഗ്നചിത്രം ഫേസ്‌ബുക്കില്‍ ഇടുകയായിരുന്നു. കൂടാതെ, യുവതിയുടെ ഭര്‍ത്താവിന്റെ പേരില്‍ വടക്കാഞ്ചേരി പൊലീസില്‍ കള്ളക്കേസ് കൊടുക്കുകയും ചെയ്തു. പിന്നീട് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി കേസ് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. തന്റെ കക്ഷിക്ക് നീതി നടത്തിക്കൊടുക്കേണ്ട അഭിഭാഷക കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും അവര്‍ക്കെതിരെയും അന്വേഷണം വേണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു.
ഭര്‍ത്താവിന് അപകടം പറ്റിയെന്ന് ഫോണ്‍ വിളിച്ച് പറഞ്ഞിട്ടാണ് ജയന്തന്‍ ഭാര്യയെ കൂട്ടിക്കൊണ്ടു പോയത്. ഭര്‍ത്താവുണ്ടെന്ന് പറഞ്ഞ എലൈറ്റ് ആശുപത്രി കഴിഞ്ഞിട്ടും വാഹനം നിര്‍ത്താതെ പോയപ്പോള്‍ യുവതി ഇത് ചോദ്യം ചെയ്തു. അപ്പോള്‍ ഒരാളെ വിളിക്കാനുണ്ടെന്നായിരുന്നു ജയന്തന്റെ മറുപടി. തുടര്‍ന്ന്, പണി തീരാത്ത ഒരു കെട്ടിടത്തിന്റെ അടുത്തു വണ്ടി നിര്‍ത്തുകയും കെട്ടിടത്തില്‍ കൊണ്ടുപോയി യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു.
പിന്നീട് തെളിവെടുപ്പിനു പോയപ്പോള്‍ പണി തീരാത്ത കെട്ടിടം എവിടെയെന്ന് സി ഐ ചോദിക്കുകയായിരുന്നു. തുടര്‍ന്ന് അവിടെയുള്ളത് പണിതീരാത്ത വീടല്ലല്ലോ എന്ന് പറഞ്ഞ് പരിഹസിക്കുകയായിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞും ഒരു കെട്ടിടം പണിതീരാതെ ഇരിക്കുമോ എന്ന് അറിയാത്ത ആളാണോ സി ഐ എന്നും എം എല്‍ എ സഭയില്‍ ചോദിച്ചു.