അഞ്ചുതെങ്ങില്‍ വള്ളക്കാര്‍ക്ക് ചെമ്മീന്‍ ചാകര

ചൊവ്വ, 12 ഓഗസ്റ്റ് 2014 (17:05 IST)
തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് കടലില്‍ ഞായറാഴ്ച മീന്‍പിടിക്കാനെത്തിയ കൊല്ലം ജില്ലയിലെ വള്ളക്കാര്‍ക്ക് ചെമ്മീന്‍ ചാകര ലഭിച്ചു. മീന്‍പിടിക്കാനെത്തിയ എല്ലാ വള്ളങ്ങള്‍ക്കും നാരന്‍ ഇനത്തില്‍ പെട്ട കൊഞ്ച് വള്ളം നിറയെ  ലഭിച്ചു.

ചില വള്ളക്കാര്‍ക്ക് 15 ലക്ഷത്തിനു മുകളില്‍ 45 ലക്ഷം രൂപ വരെയുള്ള നാരന്‍ കൊഞ്ച് ലഭിച്ചതായും സൂചനയുണ്ട്. എന്നാല്‍ അഞ്ച്തെങ്ങില്‍ നിന്നുള്ള ഒരു വള്ളവും ഇതില്‍ ഇല്ല എന്നതാണു മറ്റൊരു കാര്യം, ഞായറാഴ്ച ഇവര്‍ കടലില്‍ വള്ളമിറക്കാറില്ല എന്നതാണു ഇതിനു കാരണം.

അതേ സമയം മറ്റു ദിവസങ്ങളില്‍ മറ്റു പ്രദേശങ്ങളില്‍ നിന്നെത്തുന്ന വള്ളക്കാര്‍ക്ക് അഞ്ചുതെങ്ങ് പ്രദേശത്ത് മീന്‍പിടിക്കാന്‍ ഇവര്‍ അനുവാദം നല്‍കാറുമില്ല. ഇങ്ങനെയാണ്‌  കഴിഞ്ഞ ദിവസം കൊല്ലക്കാര്‍ ഇവിടെ എത്തിയതും ചാകര കൊയ്തതും. അഞ്ചുതെങ്ങില്‍ അടിയുന്ന ചാകര സമയാസമയത്ത് പിടിച്ചെടുത്തില്ലെങ്കില്‍ ഇത് തമിഴ്നാട് ഭാഗത്തേക്ക് നീങ്ങുമെന്നാണു മത്സ്യ തൊഴിലാളികള്‍ പറയുന്നത്. 

വെബ്ദുനിയ വായിക്കുക