സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊടിയേറി

ചൊവ്വ, 19 ജനുവരി 2016 (10:52 IST)
അമ്പത്തിയാറാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കൊടിയേറി. രാവിലെ ഒമ്പതരയ്ക്ക് പൊതു വിദ്യാഭ്യാസ സെക്രട്ടറി എം എസ് ജയയാണ് കൊടി ഉയർത്തിയത്. സ്വാഗതസംഘം ഓഫിസ് പ്രവര്‍ത്തിക്കുന്ന തൈക്കാട് ഗവ. മോഡല്‍ സ്കൂളില്‍ രാവിലെ പത്തു മുതല്‍ രജിസ്ട്രേഷന്‍ തുടങ്ങി.
 
14 ജില്ലകള്‍ക്കും വെവ്വേറെ കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഉച്ചയ്ക്കു ശേഷം രണ്ടിന് പാളയം ഗവ. സംസ്കൃത കോളജില്‍ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര പൊലീസ് മേധാവി ടി പി സെന്‍കുമാര്‍ ഫ്ലാഗ് ഓഫ് ചെയ്യും.
 
വൈകുന്നേരം അഞ്ചുമണിക്ക് പ്രധാനവേദിയായ പുത്തരിക്കണ്ടം മൈതാനിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തിരി തെളിക്കുന്നതോടേ അനന്തപുരിയില്‍ താളമേളങ്ങളുടെ ദിവസങ്ങള്‍ക്ക് തുടക്കമാകും.ഉദ്ഘാടനചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പി കെ അബ്‌ദുറബ്ബ് അധ്യക്ഷനായിരിക്കും.സംവിധായകന്‍ ജയരാജ് മുഖ്യാതിഥിയാവും. 
 
19 വേദികളിലായി 232 ഇനങ്ങളില്‍ 12000ത്തോളം പ്രതിഭകള്‍ മാറ്റുരക്കും. അപ്പീലുകളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമമാണ് ഇത്തവണ നടക്കുന്നത്. ജില്ലകളില്‍ നിന്ന് കഴിഞ്ഞ തവണ 900 അപ്പീലുകള്‍ വന്നിടത്ത് ഇത്തവണ അത് 285 ആയി ചുരുക്കാനായി. 

വെബ്ദുനിയ വായിക്കുക