പത്മാവദിന്റെ പാതയിലൂടെ ‘ആമി’യും; സെന്‍സര്‍ ബോര്‍ഡിനും കമലിനും നോട്ടീസ്
ബുധന്‍, 31 ജനുവരി 2018 (16:46 IST)
കമലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ആമി’ എന്ന ചിത്രത്തിന് പ്രദർശനാനുമതി നല്‍കരുതെന്ന ആവശ്യവുമായി സമർപ്പിച്ച ഹർജിയിൽ കേന്ദ്ര സർക്കാർ, വാർത്താവിതരണ മന്ത്രാലയം, കേന്ദ്ര സെൻസർബോർഡ് എന്നിവർക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദേശം.
കേസിലെ എതിർ കക്ഷികളായ സംവിധായകൻ കമൽ, നിർമാതാക്കൾ എന്നിവർക്കും നോട്ടീസ് അയക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ‘ആമി’ പ്രദർശനാനുമതി നിഷേധിക്കാന്‍ സെന്‍സര്‍ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കണമെന്ന ആവശ്യവുമായാണ് ഇടപ്പള്ളി സ്വദേശിയായ കെ രാമചന്ദ്രന്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.
മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഇതെന്ന് സംവിധായകന്‍ അവകാശപ്പെടുന്നുണ്ടെങ്കിലും മാധവിക്കുട്ടിയുടെ ജീവിതത്തിലെ പല യഥാര്‍ത്ഥവിവരങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. കഥാകാരിയുടെ ജീവിതത്തിലെ സംഭവങ്ങളൊന്നും വളച്ചൊടിക്കാനോ, മറച്ചുവെയ്ക്കാനോ സംവിധായകന് അവകാശമില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
മാത്രമല്ല, ചിത്രത്തിന്റെ തിരക്കഥ കോടതി പരിശോധിക്കണമെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ എന്തെങ്കിലും ആ ചിത്രത്തിലുണ്ടെങ്കില്‍ അതിന്റെ പ്രദര്‍ശാനുമതി നിഷേധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.