അമീബിക് മസ്തിഷ്കജ്വരം പടർന്നത് കുളത്തിലെ ജലം മൂക്കിലൂടെ ശ്വസിച്ചവരിൽ, നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്

അഭിറാം മനോഹർ

വെള്ളി, 9 ഓഗസ്റ്റ് 2024 (16:24 IST)
അമീബ ബാധയുള്ള കുളത്തിലെ ജലം മൂക്കിലൂടെ ശ്വസിച്ചവര്‍ക്കിടയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം പടര്‍ന്നതെന്ന് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. ലഹരിപദാര്‍ഥവും മറ്റും വെള്ളത്തില്‍ കലര്‍ത്തി മൂക്കിലൂടെ ശ്വസിക്കുന്ന ശീലമുള്ളവരെ നിരീക്ഷിച്ചാണ് ഈ നിലപാടിലെത്തിയത്.
 
നെയ്യാറ്റിന്‍കര കണ്ണറവിള ഭാഗത്താണ് രോഗം പടരുന്നത്. കാവിന്‍കുളത്തിലെ വെള്ളത്തില്‍ ലഹരിചേര്‍ത്ത് പപ്പായത്തണ്ടുപയോഗിച്ച് മൂക്കിലൂടെ വലിച്ചതായി ആരോഗ്യവകുപ്പ് വെളിപ്പെടുത്തുന്നു. ഈ ശീലമുള്ളവരെ നിരീക്ഷിച്ചാണ് രോഗലക്ഷണമുള്ളവരെ കണ്ടെത്തിയതെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വ്യക്തമാക്കി.ഇവര്‍ക്ക് തലവേദന,കഴുത്തിന് പിന്നില്‍ വേദന തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉണ്ടായപ്പോള്‍ നട്ടെല്ലിലെ സ്രവ സാമ്പിളുകള്‍ പരിശോധിച്ചാണ് രോഗം സ്ഥിരീകരിച്ചത്.
 
 അതേസമയം പേരൂര്‍ക്കട സ്വദേശിക്ക് എവിടെനിന്നാണ് രോഗബാധയുണ്ടായതെന്ന് കണ്ടെത്താനായിട്ടില്ല. നിലവില്‍ രോഗം സ്ഥിരീകരിച്ച് 6 പേരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. നിരീക്ഷണത്തിലുള്ള 2 പേരുടെ പരിശോധാ ഫലം നെഗറ്റീവായിരുന്നു. തുടര്‍പരിശോധനക്കായി ആരോഗ്യവകുപ്പ് അധികൃതര്‍ ശ്രമിച്ചെങ്കിലും നിരീക്ഷണത്തിലുള്ളവര്‍ സഹകരിക്കുന്നില്ല. നഗരപരിധിയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍ വെള്ളക്കെട്ടുകളും ഉറവകളും ഉപയോഗിക്കുന്നതിന് വിലക്കുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍