അമിക്കസ് ക്യൂറിക്കൊപ്പം സുപ്രീംകോടതി; രാജ കുടുംബത്തിന് വിമര്‍ശനം
ചൊവ്വ, 11 നവംബര്‍ 2014 (17:33 IST)
അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിന് സുപ്രീംകോടതിയുടെ പൂര്‍ണ്ണ പിന്തുണ. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ഭരണ കാര്യങ്ങളില്‍ നിന്നും തങ്ങളെ മാറ്റി നിര്‍ത്തുന്നുവെന്ന കാരണം പറഞ്ഞ് രാജകുടുംബം കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങൾ പാടെ തള്ളിക്കളഞ്ഞാണ് സുപ്രീംകോടതി അമിക്കസ് ക്യൂറിക്ക് പിന്തുണ നല്‍കിയത്.
അതേസമയം രാജകുടുംബം ഉന്നയിച്ച ആരോപണങ്ങൾ മനോവേദന ഉണ്ടാക്കുന്നതാണെന്നും അക്കാരണത്താല്‍ അമിക്കസ് ക്യൂറി സ്ഥാനത്ത് തുടരാനില്ലെന്നും സ്ഥാനമൊഴിയാൻ അനുവദിക്കണമെന്നും ഗോപാൽ സുബ്രഹ്മണ്യം കോടതിയെ അറിയിച്ചു. തന്നെ വ്യക്തിപരമായും അല്ലാതെയും ആരോപണങ്ങള്‍ ഉന്നയിച്ച് രാജ കുടുംബം അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും. തനിക്ക് നേരിട്ട് ബോദ്ധ്യപ്പെട്ട കാര്യങ്ങളാണ് കോടതിയെ അറിയിച്ചതെന്നും അദ്ദേഹം കോടതിയില്‍ അറിയിച്ചു. എന്നാല്‍ തല്‍സ്ഥാനത്ത് മാറി നില്‍ക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കോടതിയുടെ നിർദ്ദേശ പ്രകാരമാണ് അമിക്കസ് ക്യൂറിയെ നിയോഗിച്ചതെന്നും ബെഞ്ച് ഓർമിപ്പിച്ചു.
ക്ഷേത്ര ഭരണത്തില്‍ അമിക്കസ് ക്യൂറി അനാവശ്യമായി ഇടപെടുകയാണെന്നും. ക്ഷേത്രത്തില്‍ പലയിടത്തും കുഴിച്ച് നോക്കുകയാണെന്നും. പല അറകളുടെയും പൂട്ടുകള്‍ക്ക് മേല്‍ അമിക്കസ് ക്യൂറി വേറെ താഴിട്ട് പൂട്ടിയെന്നും, തങ്ങളുടെ അധികാരത്തില്‍ കടന്നുകയറുകയാണെന്നും രാജകുടുംബം കോടതിയില്‍ പറഞ്ഞു. എന്നാല്‍ ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കാണോ അതല്ല അമിക്കസ് ക്യൂറിയെ പുറത്താക്കാനാണോ രാജകുടുബം പ്രധാന്യം നൽകുന്നതെന്നും ജസ്റ്റീസുമാരായ ടിഎസ് ഠാക്കൂർ, അനിൽ ആർദവെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിക്കുകയായിരുന്നു. ക്ഷേത്രത്തിൽ ഇനി നടത്തേണ്ട കാര്യങ്ങളെ കുറിച്ച് 129 നിർദ്ദേശങ്ങൾ അമിക്കസ് തയ്യാറാക്കിയിട്ടുണ്ട്.