വയനാട് : തിമിംഗല ഛർദ്ദിയുമായി രണ്ടു പേരെ വയനാട്ടിൽ വച്ച് വനംവകുപ്പ് പിടികൂടി. മീനങ്ങാടിക്കടുത്തുള്ള കാര്യമ്പാടിയിൽ വിൽപ്പന നടത്താൻ എത്തിച്ച തിമിംഗല ഛർദ്ദി സംബന്ധിച്ച വിവരം കോഴിക്കോട് വിജിലൻസ് കൺസർവേറ്റർക്ക് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നാണ് പ്രതികളെ പിടിച്ചത്. കൊടിമുണ്ടയിലെ ഹോംസ്റ്റേക്ക് മുമ്പിൽ വച്ചാണ് പത്ത് കിലോ ആംബർഗ്രീസുമായി കാര്യമ്പാടി സ്വദേശി വി.ടി.പ്രജീഷ്, കൊളവയൽ സ്വദേശി രെബിൻ എന്നിവർ പിടിയിലായത്.
കാസർകോട് സ്വദേശികൾക്ക് വിൽപ്പന നടത്താനായി കണ്ണൂരിൽ താമസിക്കുന്ന കർണ്ണാടക സ്വദേശിയിൽ നിന്നാണ് ഇത് കൊണ്ടുവന്നതെന്നും പ്രതികൾ വെളിപ്പെടുത്തി. കണ്ണൂർ ഫ്ലയിങ് സ്‌ക്വാഡും കൽപ്പറ്റ, കാസർകോട് എന്നിവിടങ്ങളിൽ നിന്ന് ജീവനക്കാരും സംയുക്തമായാണ് പരിശോധന നടത്തി പ്രതികളെ പിടിച്ചത്.
വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂൾ ഒന്നിൽ പെടുത്തി സംരക്ഷിച്ചു വരുന്ന തിമിംഗലത്തിന്റെ ദഹന അവശിഷ്ടത്തെയാണ് തിമിംഗല ഛർദ്ദി അല്ലെങ്കിൽ ആംബർ ഗ്രീസ് എന്നറിയപ്പെടുന്നത്.