പാല്‍പ്പായസത്തിലും വെട്ടിപ്പ് നടക്കുന്നു; അമ്പലപ്പുഴ ദേവസ്വം വിജിലന്‍സ്
ചൊവ്വ, 1 മാര്‍ച്ച് 2016 (11:16 IST)
പ്രസിദ്ധമായ അമ്പലപ്പുഴ ക്ഷേത്രത്തില്‍ തയ്യാറാക്കുന്ന പാല്‍പ്പായസത്തിലും വെട്ടിപ്പെന്ന് റിപ്പോര്‍ട്ട്. ദേവസ്വം വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് അധികമായി തയ്യാറാക്കിയ 60 ലിറ്റര്‍ പാല്‍പ്പായസം പിടിച്ചെടുത്തത്.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പ്രധാന വഴിപാടായ പാല്‍പ്പായസം പുറത്തു വില്‍ക്കുന്നത് തടയുന്നതിനും ഗുണനിലവാരം ഉറപ്പാക്കാനും വ്യാഴാഴ്ച ദിവസങ്ങളില്‍ 138 ലിറ്ററും മറ്റ് ദിവസങ്ങളില്‍ 120 ലിറ്റര്‍ പായസവും തയ്യാറാക്കിയാല്‍ മതിയെന്ന് ഹൈക്കോടതി തന്നെ ദേവസ്വം അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിലും 22 ലിറ്റര്‍ അധികമായി ഉണ്ടാക്കിയ പായസം പിടിച്ചെടുത്തിരുന്നു.
കഴിഞ്ഞ ദിവസം ഉച്ചയോടെ ദേവസ്വം വിജിലന്‍സ് എസ് ഐ വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചപ്പോഴാണ് അധികമായി 60 ലിറ്റര്‍ പായസം ഉള്ളത് കണ്ടെത്തിയത്. ദേവസ്വം എ ഒ, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കെതിരെ ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് അധികാരികള്‍ക്ക് നല്‍കും. പിടിച്ചെടുത്തത് ഗുണനിലവാരം കുറഞ്ഞ പായസമാണെന്നും കണ്ടെത്തിയിട്ടുണ്ട്.